‘ഗ്രെറ്റ തുൻബെർഗ് മാറി നിൽക്കു, ഇവിടെ കങ്കണയുണ്ട്’; ഓക്സിജൻ പ്ലാന്റ് പരാമർശത്തിൽ പ്രശാന്ത് ഭൂഷൻ

0
70

രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാകവെ ബോളിവുഡ് താരം കങ്കണ റണാവത്ത് ഓക്‌സിജൻ പ്ലാന്റ് നിർമ്മാണത്തെ കുറിച്ച് നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. നിരവധി പേർ കങ്കണയുടെ പരാമർശത്തെ വിമർശിച്ച് ട്വീറ്റ് ചെയ്തിരുന്നു.

മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനും കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തിനാണ് ഗ്രെറ്റ തുൻബെർഗ് കങ്കണയുള്ളപ്പോൾ. കങ്കണയുടെ പ്രകൃതിയെ കുറിച്ചുള്ള പാടവത്തിന് നോബൽ പുരസ്‌കാരം ലഭിക്കേണ്ടതാണെന്നും പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തു.

എല്ലാവരും ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കുകയും സിലിണ്ടറുകളിൽ ഭൂമിയിൽ നിന്നും ഓക്സിജൻ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും കങ്കണ പറഞ്ഞു. ഇതിനാൽ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കുന്നതിനൊപ്പം തന്നെ മരങ്ങൾ വെച്ചുപിടിപ്പിക്കണം. ഒപ്പം ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യർ ഇല്ലാതാവുന്നതിൽ പ്രശ്നമില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഇതേ തുടർന്നാണ് എല്ലാവരും വിമർശനവുമായെത്തിയത്. ട്വറ്ററിൽ കങ്കണ നിലവിൽ ട്രെന്റിങ്ങാണ്.

‘ ഓർക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയിൽ നിന്ന് ഇല്ലാതായാൽ അത് മണ്ണിന്റെ പ്രത്യുൽപാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യർ ഇല്ലാതായാൽ ഭൂമി പൂത്തുലയും. നിങ്ങൾ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കിൽ നിങ്ങൾ ഒരു അനാവശ്യമാണ്,’ കങ്കണ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല. അതേസമയം കൊവിഡ് പ്രതിസന്ധി കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെ ആരെങ്കിലും വിമർശിച്ചാൽ ഉടനടി പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

മറ്റ് ബോളിവുഡ് താരങ്ങൾ ഓക്സിജൻ ലഭ്യത ഉറപ്പാക്കൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കുമ്പോൾ കങ്കണ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും സർക്കാരിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.