തെരഞ്ഞെടുപ്പ്‌ പരാജയം: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പി ജെ ജോസഫ്

0
88

 

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോൽവിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി പി ജെ ജോസഫ്. കോൺഗ്രസിലെ ഗ്രൂപ്പു തർക്കമാണ് പരാജയത്തിൻ്റെ ഒരു കാരണം. ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയണമെന്ന് ജോസഫ് തുറന്നടിച്ചു.

കുറവുകൾ നികത്തി മുന്നോട്ടു പോകാൻ കോൺഗ്രസിന് കഴിയണം. ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കോൺഗ്രസ് ആത്മപരിശോധന നടത്തണം.യുഡിഎഫിലെ തർക്കത്തിന് പ്രസക്തിയില്ല. ഇടതു തരംഗത്തിൻ്റെ ഭാഗമായാണ് യുഡിഎഫ് തോറ്റത്. മൊത്തത്തിൽ എൽഡിഎഫിലേക്ക് ഒഴുക്കുണ്ടായി.കോൺഗ്രസിന് മത്സരിച്ച 95 ൽ 21 സീറ്റിലേ വിജയിക്കാനായുള്ളൂ. കേന്ദ്ര നേതാക്കൾ എത്തിയിട്ടും കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായില്ല.

യുഡിഎഫിൻ്റെ സ്പിരിറ്റിന് വിരുദ്ധമായ പ്രസ്താവനകൾ ആരും നടത്താൻ പാടില്ല. ഘടകകക്ഷികൾ ചേരുന്നതാണ് മുന്നണി. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളും കുറവുകളും പരിഹരിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. യുഡിഎഫിൽ കെട്ടുറപ്പില്ല.

ചിഹ്നമല്ല കേരള കോൺഗ്രസിൻ്റെ തോൽവിക്ക് കാരണം. കോൺഗ്രസ് സീറ്റ് നിഷേധിച്ച ലതിക സുഭാഷ് റിബലായി മത്സരിച്ചതാണ് ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് സ്ഥാനാർഥി തോറ്റതെന്നും ജോസഫ് പറഞ്ഞു.