തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രനെതിരെ സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാജ പ്രചാരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ് എ ടി യിലെ മെഡിക്കൽ സ്റ്റോർ മേയർ നേരിട്ടെത്തി അടച്ച് പൂട്ടി എന്നാണ് പ്രചാരണം. എന്നാൽ വസ്തുത അതല്ല എന്ന് മേയറുടെ ഓഫിസ് അറിയിച്ചു.
രോഗികളുടെ കൂട്ടിരുപ്പുകാർക്ക് വേണ്ടി നഗരസഭയുടെ ഒരു കെട്ടിടം അവിടെ ഉണ്ട്. ആ കെട്ടിടം മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാർ താൽക്കാലികമായി മരുന്നുകൾ സൂക്ഷിക്കാൻ ഉപയോഗിച്ച് വന്നിരുന്നു. ടി എൻ സീമ എംപി മെഡിക്കൽ സ്റ്റോറിന് വേണ്ടി മറ്റൊരു കെട്ടിടം പണിഞ്ഞ് നൽകിയിട്ടുണ്ട്, അവിടേയ്ക്ക് ഈ സാധനങ്ങൾ മാറ്റണം എന്നും നഗരസഭയുടെ കെട്ടിടം രോഗികളുടെ കൂട്ടിരുപ്പ് കാർക്ക് ഉപയോഗിക്കാൻ നൽകണമെന്നും പലതവണ നഗരസഭാ ആവശ്യപ്പെട്ടു.
എന്നാൽ കെട്ടിടം ഒഴിയാൻ മെഡിക്കൽ സ്റ്റോർ നടത്തുന്നവർ തയ്യാറായില്ല. ഇതിനെ തുടർന്ന് മേയർ നേരിട്ട് ഇടപെടുകയും കെട്ടിടം പരിശോധിക്കുകയും ചെയ്തു. അവിടെ മരുന്നുകളോ മറ്റ് മെഡിക്കൽ ഉപകരണങ്ങളോ ഇല്ലായിരുന്നു. ഒരു മേശയും കസേരയും കമ്പ്യുട്ടറും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്നാണ് കെട്ടിടം പൂട്ടി നഗരസഭാ ഏറ്റെടുക്കുന്നത്.
ഇതിനെയാണ് കോൺഗ്രസുകാരും ആർ എസ് എസുകാരും മേയർ മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കാൻ നഗരസഭാ തീരുമാനിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ഐഡി കളുടെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിട്ടുള്ളത്.