കോവിഡ് സമ്പർക്കത്തിലൂടെ അല്ലാതെയും പകരുന്നു,ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം : മുഖ്യമന്ത്രി

0
86

കോവിഡ് രണ്ടാമത്തെ തരംഗത്തിൽ കാണുന്ന ഒരു പ്രത്യേകത അടുത്ത സമ്പർക്കത്തിലൂടെ അല്ലാതേയും രോഗം പകരുന്നു എന്നതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻറെ അർഥം രോഗാണു വായുവിൽ ഒരുപാട് നേരം തങ്ങി നിൽക്കുന്നു എന്നോ ഒരുപാടു ദൂരം വായുവിലൂടെ സഞ്ചരിക്കുന്നോ എന്നല്ല. മറിച്ച്, മുൻപ് കരുതിയിരുന്നത് വളരെ അടുത്ത ഇടപപെടലിലൂടെ മാത്രമേ പകരുകയുള്ളൂ എന്നായിരുന്നു.

പുതിയ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾ മാസ്‌ക് ധരിക്കാതെ അശ്രദ്ധമായി ഒരു മുറിക്കുള്ളിൽ ഇരുന്നാൽ തന്നെ ഒരാളിൽ നിന്നു മറ്റൊരാളിലേയ്ക്ക് പകരാൻ പ്രാപ്‌തമാണ്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾക്ക് മനുഷ്യകോശത്തിനകത്തേയ്ക്ക് പ്രവേശിക്കാൻ കഴിവു കൂടുതലാണ്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ടെസ്റ്റിംഗ് കേന്ദ്രങ്ങളിലും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. രോഗം ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള ആളുകൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൂടുതലായി വരുന്നുണ്ട് എന്നുള്ളത് കണക്കിലെടുക്കണം. വാക്സിൻ വഴി ലഭിക്കുന്ന സംരക്ഷണം വാക്സിൻ എടുത്ത് കുറേ ദിവസങ്ങൾ കഴിഞ്ഞാകും ലഭിക്കുക. അതുകൊണ്ട്, വാക്സിൻ കേന്ദ്രങ്ങളിൽ തിരക്കു കൂട്ടി രോഗം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം.