വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണില്ല; ആവശ്യം ഹൈക്കോടതി നിരസിച്ചു, സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരം

0
109

വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ വേണ്ടെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിപ്രായം പറയേണ്ട ആവശ്യമില്ല. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യവും സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് മേനോന്‍ ,സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ‌ര്‍പ്പിച്ച എല്ലാ പൊതുതാല്‍പര്യ ഹര്‍ജികളും ഹൈക്കോടതി തീർപ്പാക്കി.

ആഹ്ളാദ പ്രകടനങ്ങള്‍ നടത്തുമ്പോൾ ആളുകള്‍ ഒത്തുകൂടുമെന്നും, ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നുമാണ് ഹര്‍ജികളില്‍ പറയുന്നത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണല്‍ ദിവസമായ മേയ് രണ്ടിന് ആഘോഷങ്ങള്‍ ഒഴിവാക്കാനും, അണികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കാനും ഇന്നലത്തെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.

വോട്ടെണ്ണല്‍ ദിവസത്തെ എല്ലാ ആഹ്ളാദപ്രകടനങ്ങളും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിലും നിരോധനം നിലനില്‍ക്കും. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് തീരുമാനം ബാധകമെന്നും കമ്മീഷന്‍ അറിയിച്ചു.