തെക്ക്പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിൻറെ കാർ പാർക്കിംഗിലാണ് സ്ഫോടനമുണ്ടായത്. ബലൂചിസ്ഥാനിൻ പ്രവിശ്യയിലെ ക്വറ്റയിലുള്ള സെറീന ഹോട്ടലിൻറെ പാർക്കിംഗിലായിരുന്നു സ്ഫോടനം.
അംബാസിഡറിൻറെ നേതൃത്വത്തിൽ നാല് പേർ അടങ്ങുന്ന ചൈനീസ് സംഘമാണ് ഹോട്ടലിൽ താമസിച്ചിരുന്നത്. സ്ഫോടനമുണ്ടായപ്പോൾ അംബാസിഡറും സംഘവും ഒരു യോഗത്തിനായി പുറപ്പെട്ടിരുന്നതായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
പാർക്കിംഗിൽ ഉണ്ടായിരുന്ന കാറിൽ സ്ഥാപിച്ചിരുന്ന ഐഇഡി ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം ആക്രമണത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.