‘ സാധനങ്ങൾ വീട്ടിലെത്തുന്നു ‘ ഹോം ഡെലിവറിയുമായി കൺസ്യൂമർഫെഡ്

0
69

കോവിഡ് പശ്ചാത്തലത്തിൽ ത്രിവേണി സൂപ്പർ മാർക്കറ്റും നീതി മെഡിക്കൽ സ്റ്റോറും വഴി ഇനി ഭക്ഷ്യസാധനവും മരുന്നും വീട്ടുമുറ്റത്തേക്ക്‌. വ്യാഴാഴ്‌ച മുതൽ ഹോംഡെലിവറി സംവിധാനം ആരംഭിക്കുമെന്ന്‌ കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സൂപ്പർ മാർക്കറ്റുകളുടെ വാട്സാപ് നമ്പറിൽ സാധനങ്ങളുടെ പട്ടിക നൽകിയാൽ അതുമായി ജീവനക്കാർ തന്നെ വീട്ടിലേക്കെത്തും. ആദ്യഘട്ടം രോഗവ്യാപനം കൂടിയ കേന്ദ്രങ്ങളിലും പിന്നാലെ മുഴുവൻ ഇടത്തേക്കും പദ്ധതി വ്യാപിപ്പിക്കും.

കൂടാതെ കൺസ്യൂമർ ഫെഡിന്റെ 47 മൊബൈൽ ത്രിവേണി യൂണിറ്റുകൾ വിവിധയിടങ്ങളിൽ സാധനങ്ങൾ എത്തിക്കും. ഇത്‌ ലഭ്യമാകാത്ത മേഖലകളിൽ കെഎസ്ആർടിസി വഴിയും പദ്ധതി നടപ്പിലാക്കും. കൊവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ നിത്യോപയോഗസാധനങ്ങൾ 15 ഇരട്ടിയാണ്‌ സംഭരിച്ചിട്ടുള്ളത്‌.

78 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി മരുന്നും സമാനമായാണ്‌ വീടുകളിലെത്തിക്കുന്നത്‌. അടുത്ത അധ്യയനവർഷം വിദ്യാർഥികൾക്ക് ത്രിവേണി നോട്ട് ബുക്കും പഠനോപകരണങ്ങളും ഉൾപ്പെടുന്ന കിറ്റ്‌ നൽകുന്നതും പരിഗണനയിലുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.