ലോക്ഡൗൺ അവസാന ആയുധമാണെന്നും കോവിഡിനെ നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊവിഡ് സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്ഡൗൺ അവസാന ആയുധമാണെന്നും മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ തിരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്സിജൻ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും സ്വകാര്യമേഖലയും ആവശ്യമുള്ളവർക്ക് ഓക്‌സിജൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷം കുറച്ച് കൊവിഡ് കേസുകൾ വന്നപ്പോൾ തന്നെ രാജ്യത്തെ വാക്‌സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു. പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞർ രാജ്യത്തിനായി വാക്‌സീൻ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്‌സീൻ ലഭ്യമാകുന്നത്.
രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്‌സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.
ആളുകൾ വീടുകളിൽ നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. കുടിയേറ്റ തൊഴിലാളികൾക്കും വാക്സിൻ ഉറപ്പാക്കും. എവിടെയാണോ കുടിയേറ്റ തൊഴിലാളികളുള്ളത് അവിടെ തന്നെ തുടരാൻ അവരോട് അഭ്യർഥിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് അപേക്ഷിക്കുന്നുവെന്നും മോഡി പറഞ്ഞു