ഷാജിയുടെ വീടുകൾ അളക്കാൻ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകും; ഭാര്യയെ വിജിലൻസ് ചോദ്യം ചെയ്യും

0
75

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആരോപണ വിധേയനായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ വീടുകൾ അളന്ന് തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിന് വിജിലൻസ് കത്ത് നൽകും.

കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ അളക്കാനാണ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുക. അനുമതി നൽകിയതിലും കൂടുതൽ വിസ്തീർണത്തിൽ ഷാജി വീടുകൾ നിർമിച്ചെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്. ഫർണിച്ചർ അളന്ന് തിട്ടപ്പെടുത്താനും ആവശ്യപ്പെടും.

ഷാജിയുടെ ഭാര്യയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. പിടിച്ചെടുത്ത രേഖകളിൽ പലതും ഷാജിയുടെ ഭാര്യയുടെ പേരിലായതിനാലാണിത്. കോഴിക്കോട്ടെ വീടും ഷാജിയുടെ ഭാര്യയുടെ പേരിലാണ്. കോടികൾ ചെലവഴിച്ച് നിർമിച്ച ആഡംബര വീടിൽ വിലമതിക്കുന്ന ഫർണിച്ചറുകളുണ്ട്. വീടുകളുടെയും ഫർണിച്ചറുകളുടെയും മൂല്യം കണക്കാക്കി ലഭ്യമായാൽ ഇതുസംബന്ധിച്ച റിപ്പോർട്ടും അന്വേഷണസംഘം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിക്കും.

ഷാജിയുടെ ഭാര്യയെ അടുത്തയാഴ്ചയോടെ ചോദ്യം ചെയ്യും. ഇതോടൊപ്പം ഷാജിയെയയും വീണ്ടും ചോദ്യം ചെയ്യും.

ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകൾ റെയ്ഡ് ചെയ്ത് 77 രേഖകളും 48 ലക്ഷത്തോളം രൂപയും അടുത്തദിവസം വിജിലൻസ് സംഘം പിടികൂടിയിരുന്നു. വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ഷാജിക്കായില്ല. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഒരാഴ്ച സമയം കോടതി അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി രണ്ടുദിവസത്തിനകം തീരും. ഇതിനുശേഷമാകും ചോദ്യം ചെയ്യലിന്റെ തീയതി തീരുമാനിക്കുക.