“മുഖ്യമന്ത്രിയും ഞങ്ങൾ ഡോക്‌ടർമാരും ചേർന്ന് എന്തൊക്കെ വഞ്ചനകളാണ് ചെയ്‌തു കൂട്ടിയത്… ഭീകരം തന്നെ!!’; മുഖ്യമന്ത്രിയെ ചികിത്സിച്ച അനുഭവം പങ്കുവച്ച് ഡോക്‌ടർ

0
65

വീട്ടിലെത്തി ടി വി തുറന്നപ്പോഴാണ് ഈ നേരിട്ട് കണ്ടതും അനുഭവിച്ചതുമൊന്നുമല്ല സത്യം എന്ന് മനസ്സിലാവുന്നത്! കൊടും ഗൂഢാലോചനയായിരുന്നു നടന്നുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയും ഞങ്ങൾ ഡോക്‌ടർമാരും ചേർന്ന് എന്തൊക്കെ വഞ്ചനകളാണ് ചെയ്‌തു കൂട്ടിയത്. അതും നാട്ടിൽ കോവിഡ് പടർത്താൻ വേണ്ടി ! ഭീകരം തന്നെ!!. കോവിഡ് രോ​ഗബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ മുഖ്യമന്ത്രിയെ ചികിത്സിച്ച ഡോക്‌ട‌ർ ഷമീർ വി കെയുടെ അനുഭവ കുറിപ്പ്.

വളരെ യാദൃശ്ചികമായാണ് മുഖ്യമന്ത്രി കോവിഡ് ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുമ്പോൾ അന്നത്തെ മെഡിക്കൽ ഓഫീസർ ആയി ഡ്യൂട്ടി കിട്ടുന്നത്. കോവിഡ് ഡ്യൂട്ടികളെ പേടിക്കുന്ന കാലം പണ്ടേ കഴിഞ്ഞു. അത്ര കാലമായില്ലേ വൈറസിനോടൊപ്പമുള്ള സഹവാസം തുടങ്ങിയിട്ട്. കോവിഡ് വൈറസിന്റെ കരസ്പർശം ഏറ്റ നൂറു കണക്കിന് ആളുകളെ കണ്ടു കഴിഞ്ഞു.

അതിൽ കോവിഡ് വെറുതേ തലോടി വിട്ടവർ, തിരിച്ചു വരാൻ കഴിയാത്ത തരത്തിൽ പ്രഹരം ഏറ്റവർ, വൈറസിനെ ശരീരത്തിൽ നിന്ന് കുടിയിറക്കാൻ മാസങ്ങളോളം കാത്തു നിൽക്കേണ്ടി വന്നവർ അങ്ങനെ പല പല വിഭാഗക്കാരെയും കണ്ടു. പക്ഷേ ഇതു അങ്ങനെയൊന്നും അല്ല സ്ഥിതി. കോവിഡ് മാത്രമല്ല വരുന്നത്. മുഖ്യമന്ത്രി കൂടിയാണ്.

കേട്ടു കേൾവി വെച്ച് പരുക്കൻ. ദേഷ്യക്കാരൻ. ദേഷ്യം വന്നാൽ വഴക്ക് പറയാൻ മടിക്കാത്തവൻ. ഒരല്പം ഭയം ഇല്ലാതിരുന്നില്ല. പക്ഷേ കറങ്ങി തിരിഞ്ഞു നിൽക്കുന്ന ഡ്യൂട്ടിയുടെ മിഴിമുന നമ്മുടെ നേരെ ആണെന്ന് ആദ്യമേ മനസ്സിലായി. സ്വീകരിച്ചു.

മുഖ്യന്റെ കോവിഡ് ഏറ്റവും നേരത്തേ മിനി സ്ക്രീനിൽ എത്തിക്കാൻ ഐസൊലേഷൻ വാർഡിന്റെ മുന്നിൽ ക്യാമറകൾ നേരത്തേ നിലയുറച്ചു. മെഡിക്കൽ കോളേജിലെ എല്ലാ വലിയ ഡോക്ടർമാരും സംഭവ സ്ഥലത്തെത്തി. കോവിഡ് രോഗിയെ ചികിൽസിക്കുന്ന വേഷമിട്ട് ഞാനും ഗായത്രിയും ബെന്നിയും ഐസൊലേഷൻ വാർഡിന്റെ ഗേറ്റിൽ കാത്തു നിന്നു.

പ്രിൻസിപ്പലും സുപ്രണ്ടും മെഡിസിൻ എച് ഓ ഡി യും മാറി മാറി നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു. ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. ഫുൾ പി പി ഇ ഒന്നും അല്ലെങ്കിലും എന്നത്തേക്കാളും കൂടുതൽ വിയർത്തു . എല്ലാം കൃത്യമായിരിക്കണം. ഒന്നും പിഴക്കരുത്.

മുഖ്യമന്ത്രി വണ്ടിയിൽ നിന്നിറങ്ങി നേരെ ഐസൊലേഷനിലേക്ക് നടന്നു. റെഡിയാക്കി വെച്ച വീൽ ചെയർ അദ്ദേഹത്തിൻ്റെ നേരെ നീങ്ങി. ഏയ്‌ അതിന്റെ ഒന്നും ആവശ്യം ഇല്ലെന്ന് പറഞ്ഞു അദ്ദേഹം ഞങ്ങളുടെ കൂടെ അകത്തേക്ക് നടന്നു. “ഇവിടെ ഇരുന്നു ഒന്ന് നോക്കിയ ശേഷം നമുക്ക് റൂമിലേക്ക് പോയാലോ?” പേ വാർഡിലെ ഒരു സാധാരണ റൂം കാണിച്ച് അദ്ദേഹത്തോട്‌ ചോദിച്ചു.

“ആയിക്കോട്ടെ” ആദ്യത്തെ മറുപടി. പിന്നീട് നിരവധി തവണ ഇതേ മറുപടി തന്നെ കേട്ടു. ഓരോ നിർദ്ദേശം മുന്നിലേക്ക് വെക്കുമ്പോഴും “ആയ്ക്കോട്ടെ” കൾ തന്നെ ആയിരുന്നു തിരിച്ച്. ആ റൂമിൽ ഇരുന്ന് പരിശോധനകൾ പൂർത്തിയാക്കി. ഓക്സിജൻ ലെവൽ കുഴപ്പമില്ല, ശ്വാസം മുട്ടും ഇല്ല. ലാബിലേക്ക് വിടാനുള്ള രക്തം ടെക്‌നിഷ്യൻമാർ എടുത്തു. അപ്പോൾ റൂമിലെ ചികിത്സ മതിയാവും. അദ്ദേഹത്തിനു വേണ്ടി കണ്ട റൂം മുകളിലത്തെ നിലയിലാണ്.

വീണ്ടും വീൽ ചെയർ വന്നു, അതും നിരസിച്ചു. നടന്നു തന്നെ റൂമിൽ എത്തി. തൊട്ടടുത്ത റൂമിൽ ഞങ്ങൾ ഡ്യൂട്ടി എടുക്കുന്നവരും. ഒന്ന് രണ്ടു തവണ സുഖവിവരം അന്വേഷിക്കാൻ റൂമിൽ പോയി. എക്സ് റേയും ഇസിജി യും എടുക്കാൻ അതിന്റെ ആളുകൾ വന്നു. ശല്യം ചെയ്യാവുന്നതിന്റെ പരമാവധി ചെയ്‌തു. ഓരോ തവണയും കൈ കൂപ്പി സ്വീകരിച്ചു. ഏതാണ്ട് പന്ത്രണ്ടു മണി ആയപ്പോൾ ഇനിയും വന്ന് ബുദ്ധിമുട്ടിക്കുന്നില്ലെന്നും ആ തൊട്ടടുത്ത മുറിയിൽ ഉണ്ടാകുമെന്നും പറഞ്ഞു പിരിഞ്ഞു.

മെഡിക്കൽ കോളേജിന്റെ തനതായ പ്രാരാബ്ദങ്ങൾ പലതും റൂമിലെ സൗകര്യങ്ങളിൽ ഉണ്ടായി. ഇതൊന്നും പരിശോധിച്ച് ഉറപ്പു വരുത്താനുള്ള സാവകാശം കിട്ടിയിരുന്നില്ല എന്നതാണ് സത്യം. അറിയിപ്പും വരവും എല്ലാം പെട്ടെന്ന് ആയിരുന്നല്ലോ. രാവിലെ 6.30 ന് വീണ്ടും പരിശോധനാ ചടങ്ങുകൾ ആരംഭിച്ചു. ആദ്യ സ്റ്റെപ് തന്നെ പിഴച്ചു. രാവിലത്തെ ഷുഗറിന് വേണ്ടി രക്തം എടുക്കാനുള്ള നഴ്സിൻ്റെ കുത്ത് പരാജയപ്പെട്ടു. ആള് പരിചയ സമ്പന്നയാണെങ്കിലും കൈ വിറച്ചു.

“ഡോക്ടർജീ, കുത്തിയിട്ട് ബ്ലഡ് കിട്ടിയില്ല”വളരെ വിഷമത്തോടെ അറിയിച്ചു. ഇനി ആ റൂമിൽ കയറണം. ഒരു രക്ത സാംപിൾ കൂടി എടുക്കാനുള്ള ആവശ്യം അറിയിക്കണം. നല്ല ടാസ്‌കു തന്നെയാണല്ലോ സിസ്റ്റർജി രാവിലെ തന്നത്. അതിന്റെ കൂടെ എന്തെല്ലാം ബുദ്ധിമുട്ടുകൾ രാത്രി അനുഭവിച്ചിട്ടുണ്ടാകും? മെഡിക്കൽ കോളേജിന്റെ തനതായവ -കൊതുക് ? മുറിയിലെ മറ്റു അസൗകര്യങ്ങൾ? അതിന്റെ മൂഡ് ഓഫ് വേറെ കാണുമോ? ശ്രദ്ധയിൽ പെട്ട പ്രശ്നങ്ങളുടെ എല്ലാം കൂടി നടപടി ഉണ്ടാകുമോ?.

“കടക്ക് പുറത്ത്” റൂമിലേക്ക് നടക്കുമ്പോൾ ഒറ്റ പ്രതീക്ഷയേ ഉണ്ടായുള്ളൂ. ഇന്ന് ഞാൻ വാങ്ങിക്കും. അതാണല്ലോ പതിവ്. സർവ്വ ധൈര്യവും സംഘടിപ്പിച്ച് കയറി. അപ്പോൾ ഹൃദയമിടിപ്പ് മിനുട്ടിൽ 120, രോഗിയുടെ അല്ല, ഡോക്‌ടറുടെ! “സർ , ഷുഗർ നോക്കാൻ വിരൽ ഒന്ന് പ്രിക്ക് ചെയ്താലോ?””ഓ ആയ്ക്കോട്ടെ” “രാത്രി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നോ ?”” ഒന്നുമില്ല, നന്നായി ഉറങ്ങി”ശേഷം ബാക്കി പരിശോധനകൾ പൂർത്തിയാക്കി. എല്ലാത്തിനും പൂർണ്ണസമ്മതം. പരാതി പരിഭവങ്ങൾ ഒന്നുമില്ല. കഴിഞ്ഞിറങ്ങുമ്പോൾ കൈകൂപ്പി.

അപ്പോ കടക്ക് പുറത്തില്ലേ! അതിനു ശേഷം പല തവണ കണ്ടു. എപ്പോഴും ഒരേ സ്വീകരണം. റൂമിലേക്ക് കയറുമ്പോൾ മാസ്കില്ലെങ്കിൽ പെട്ടെന്നു തന്നെ എടുത്തു വെക്കും. ഇറങ്ങുമ്പോൾ യാത്ര പറയും. ഒടുവിൽ യാത്ര പറയുമ്പോഴും കണ്ടു. സി എം വളരെ ഹാപ്പി. ചികിത്സിച്ച ടീമിലുണ്ടായിരുന്ന എല്ലാവരും ഹാപ്പി.

എല്ലാവർക്കും റ്റാറ്റ പറഞ്ഞു കാറിലേക്ക്. ഡോക്ടർമാരും മറ്റു സ്റ്റാഫും പരസ്പരം അഭിനന്ദിച്ചും നന്ദി പറഞ്ഞും പിരിഞ്ഞു. എല്ലാം ശുഭം. വീട്ടിലെത്തി ടി വി തുറന്നപ്പോഴാണ് ഈ നേരിട്ട് കണ്ടതും അനുഭവിച്ചതുമൊന്നുമല്ല സത്യം എന്ന് മനസ്സിലാവുന്നത്! കൊടും ഗൂഢാലോചനയായിരുന്നു നടന്നുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയും ഞങ്ങൾ ഡോക്‌ടർമാരും ചേർന്ന് എന്തൊക്കെ വഞ്ചനകളാണ് ചെയ്‌തു കൂട്ടിയത്. അതും നാട്ടിൽ കോവിഡ് പടർത്താൻ വേണ്ടി ! ഭീകരം തന്നെ!!.

വിവാദം ഉണ്ടാകുന്നതും ഒരു തൊഴിലിന്റെ ഭാഗമായിരിക്കാം. കുറ്റം പറയാൻ കഴിയില്ല. എന്നാൽ അത് വളരെ പ്രയാസപ്പെട്ടു തൊഴിലെടുക്കുന്ന മറ്റൊരു വിഭാഗത്തെ എത്ര മാനസികമായി തകർക്കുന്നു എന്ന് അറിഞ്ഞാൽ നല്ലതാണ്!.

അങ്ങനെ ആ സന്തോഷത്തിന്റെ ആയുസ്സ് മണിക്കൂറുകൾ മാത്രമായി ചുരുങ്ങി. എന്നത്തേയും പോലെ കഠിനാദ്ധ്വാനത്തിന്റെ ഫലം കടുത്ത നിരാശയുമായി. നമുക്ക് വിവാദങ്ങളെ പ്രതിരോധിച്ച് നിൽക്കാനുള്ള സമയം ഉണ്ടെന്നു തോന്നുന്നില്ല. ഓരോ ദിവസവും തുറക്കുന്ന പുതിയ കോവിഡ് വാർഡുകൾ അന്നു തന്നെ നിറയുന്നുണ്ട്.

എല്ലാം ഓക്സിജൻ കുറവുള്ള ഗുരുതര സ്വഭാവമുള്ള രോഗികൾ. നമുക്ക് അതിനു വേണ്ടി ഓടിയേ മതിയാകൂ. ഇന്നലെ സൂററ്റിലും ഛത്തീസ്ഗഡിലും കണ്ട കാഴ്ചകൾ നാളെ കേരളത്തിൽ കാണാതിരിക്കണമെങ്കിൽ ഇനിയും ഉറക്കമില്ലാത്ത രാത്രികൾ ഒത്തിരി വേണ്ടി വരും. ആരോഗ്യ പ്രവർത്തകർ നിരാശരാകാൻ പാടില്ല. നിരാശ നമുക്ക് പറഞ്ഞിട്ടുമില്ല.

വിവാദങ്ങളുടെ പുകയ്ക്കിടയിൽ തീ തിരയുന്നവരോട് -കോവിഡ് ചികിൽസിക്കുമ്പോൾ രണ്ടേ രണ്ട് അടിസ്ഥാന തത്വങ്ങൾ മാത്രമേ ഞങ്ങൾക്കിനി പാലിക്കാൻ കഴിയൂ. ഒന്ന് വൈറസ് കാരണം ആ വ്യക്തിയുടെ ആരോഗ്യത്തിന് അപകടം ഉണ്ടാവാൻ പാടില്ല.

രണ്ട് അയാളുടെ ശരീരത്തിലെ വൈറസ് മറ്റൊരാൾക്ക് അപകടം ഉണ്ടാക്കാൻ പാടില്ല. ഇവ രണ്ടും പാലിക്കാൻ സാധിക്കുന്ന എന്ത് തീരുമാനവും കോവിഡ് ചികിത്സയിൽ സ്വീകരിക്കേണ്ടി വരും. സാഹചര്യം അത് ആവശ്യപ്പെടുന്നുണ്ട്. 2020 ഏപ്രിലിൽ തുടർന്ന രീതി 2021 ഏപ്രിലിൽ സാധിക്കില്ല എന്നു മാത്രം ഓർക്കുക.