കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി

0
72

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരു തരത്തിലുള്ള ചട്ടലംഘനവുമില്ല. ക്വാറന്റൈൻ ലംഘനവുമില്ല. മുരളീധരനെ പോലുള്ളവർ ഇത്രയും നിരുത്തരവാദപരമായി സംസാരിക്കരുതെന്നും മന്ത്രി പ്രതികരിച്ചു.

എട്ടിന് മുഖ്യമന്ത്രിക്ക് കോവിഡ് പരിശോധന നടത്തുമ്പോൾ നേരിയ ജലദോഷം മാത്രമേ ലക്ഷണമായി ഉണ്ടായിരുന്നുള്ളൂ. മകൾ പോസിറ്റീവായതുകൂടി കണക്കിലെടുത്താണ് ടെസ്റ്റ് നടത്തിയത്. കൂടുതൽ പരിശോധനകൾ നടത്താമെന്നു കരുതി കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ക്വാറന്റൈനിൽ കഴിയുന്നതിനിടെ മുഖ്യമന്ത്രി വോട്ടു ചെയ്യാൻ പോയി എന്നു പറയുന്നതിന് ഒരടിസ്ഥനാവുമില്ല. ആറിന് രാവിലെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്തത്. അന്ന് ഉച്ചക്കാണ് മകളുടെ പരിശോധനാഫലം വരുന്നത്.

അതിനുശേഷം അദ്ദേഹം ക്വാറന്റൈനിൽ തന്നെയായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച് പത്തു ദിവസത്തിനു മുമ്പ് കോവിഡ് പരിശോധന നടത്തിയത് ചട്ടലംഘനമാണെന്നാണ് മറ്റൊരു ആരോപണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെ വായിൽതോന്നിയത് വിളിച്ചുപറയരുത്.

കേന്ദ്ര ഗവൺമെന്റും ഐസിഎംആറും പറഞ്ഞിട്ടുള്ളത് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളെ രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ വീട്ടിലേക്കു വിടാനാണ്. കേരളം നല്ല മുൻകരുതൽ എന്ന നിലയിൽ പത്തു ദിവസം വരെ ആശുപത്രിയിൽ നിർത്തി പരിശോധിച്ചുവിടുന്നുവെന്നേയുള്ളൂ.

ഒരു ബുദ്ധിമുട്ടും ഇല്ലാത്തവർ വീട്ടിൽ പോയി ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. അതാണ് മുഖ്യമന്ത്രിയുടെ കാര്യത്തിലും ഉണ്ടായത്. വീട്ടിലേക്കു പോകുന്നതിനു മുമ്പ് ടെസ്റ്റ് നടത്തി നോക്കിയപ്പോൾ നെഗറ്റീവ്. അദ്ദേഹം വീട്ടിൽ പൂർണമായും ക്വാറന്റൈനിൽ കഴിയുകയാണ്.

പുറത്ത് ഒരു പരിപാടിക്കും പോകുന്നില്ല. ഇതിൽ എവിടെയാണ് ചട്ടലംഘനം? ക്വാറന്റൈൻ ലംഘനം? വെറുതെ വാർത്തയുണ്ടാക്കാൻ വേണ്ടി ഓരോരുത്തർ വായിൽ തോന്നിയത് വിളിച്ചുപറയുന്നതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും കെ കെ ശൈലജ പറഞ്ഞു