ആലപ്പുഴയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു

0
89

ഗുണ്ടാനേതാവും രണ്ട്‌ കൊലപാതകം ഉൾപ്പെടെ 25ൽ ഏറെ കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷ് (42) അടിയേറ്റ്‌ മരിച്ചു. ഇന്ന്‌ പുലർച്ചെ 12.15നു കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.

അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാൾ വീടു കയറി ആക്രമിക്കുകയായിരുന്നുവെന്നു നെടുമുടി പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്‌തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും ഏതാനും സമയത്തിനകം മരിച്ചു.

നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ 2 കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കൈനകരിയിൽ അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞു നിൽക്കുകയായിരുന്നു.