വട്ടിയൂർക്കാവിൽ അട്ടിമറിയ്ക്ക് ശ്രമം, സ്ഥാനാർഥിയുടെ പോസ്‌റ്റർ ആക്രിക്കടയിൽ വിറ്റത്‌ അന്വേഷിക്കും

0
83

വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുതിർന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയിൽപെട്ടിരുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉപതിരഞ്ഞെടുപ്പിലെപ്പോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് അന്വേഷിക്കാൻ ഉടൻ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫ്‌ സ്ഥാനാർഥിയെ തോൽപ്പിക്കാനും, വോട്ട്‌ ബിജെപിക്ക്‌ മറിച്ച്‌ കൊടുക്കാനും ശ്രമം നടന്നെന്ന ആരോപണത്തിലാണ്‌ മുല്ലപ്പള്ളിയുടെ പ്രതികരണം.

യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയതോടെയാണ് വട്ടിയൂർക്കാവിൽ പ്രചാരണത്തിൽ വീഴ്‌യുണ്ടായെന്ന ആക്ഷേപം ശക്തമായത്.

അന്വേഷണം നടത്തിയ ഡിസിസി പോസ്റ്റർ വിറ്റ മണ്ഡലം ട്രഷററെ പാർട്ടിയിൽനിന്ന് പുറത്താക്കിയെങ്കിലും വീഴ്‌ചയുടെ ആഴം അതിലും കൂടുതലാണെന്നാണ് കെപിസിസിയുടെ നിഗമനം.