അയവില്ലാതെ ബെൽഫാസ്റ്റിലെ കലാപം ; സമാധാന ആഹ്വാനവുമായി ബോറിസ് ജോൺസൻ

0
78

ഒരാഴ്ചയിലേറേയായിട്ടും അയവില്ലാതെ നോർത്തേൺ അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് ഉൾപ്പെടെയുള്ള നഗരങ്ങളിലെ കലാപം. തെരുവിലിറങ്ങിയ സംഘം ബസുകൾക്ക് തീയിടുകയും പൊലീസിനെതിെരെ കല്ലേറ് നടത്തുകയും ചെയ്തു. അക്രമങ്ങളിൽ ഇതുവരെ 55 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. എല്ലാവരും സംയമനം പാലിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഐറിഷ് നേതാവ് മൈക്കൽ മാർട്ടിൻ എന്നിവർ അഭ്യർഥിച്ചു.

അക്രമത്തെക്കുറിച്ചുള്ള അടിയന്തര ചർച്ചയ്ക്കായി നോർത്തേൺ അയർലൻഡിലെ സ്റ്റോൺമോണ്ട് അസംബ്ലി ചേരും. ബ്രെക്സിറ്റിനെ തുടർന്ന് നോർത്തേൺ അയർലൻഡിൽ ഉടലെടുത്ത പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ആളുകൾ തെരുവിലിറങ്ങിയത്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പിന്മാറിയത് നോർത്തേൺ അയർലണ്ടിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ ബാധിച്ചിരുന്നു.

ഒരുപക്ഷം യുകെയുടെ ഭാഗമായി തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടുമ്പോൾ മറുപക്ഷം അയൽരാജ്യമായ റിപ്പബ്ലിക് ഓഫ് അയർലൻഡുമായി ചേരണമെന്ന് വാദിക്കുന്നു. റിപ്പബ്ലിക് ഓഫ് അയർലൻഡ് ഇപ്പോഴും യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്. യുകെയുടെ ഭാഗമായി തുടരണമെന്ന് വാദിക്കുന്ന ലോയലിസ്റ്റ് പക്ഷമാണ് ഇപ്പോഴത്തെ കലാപത്തിനു പിന്നിൽ.

ഐറിഷ് കടലിലൂടെയുള്ള ചരക്കുനീക്കം സുഗമാമാക്കുന്നതിന് ബ്രക്സിറ്റ് കരാറിൽ പ്രത്യേക നിർദേശമുണ്ട്. ഇതുപ്രകാരം, നോർത്തേൺ അയർലൻഡിലെ തുറമുഖങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയന്റെ മാനദണ്ഡങ്ങൾക്ക് വിധേയമാണ്. എന്നാൽ ഇതു യുകെയിൽനിന്ന് നോർത്തേൺ അയർലൻഡിനെ വിഭജിക്കുമെന്നാണ് ലോയലിസ്റ്റുകളുടെ വാദം. ഇതിനെത്തുടർന്നാണ് ഇപ്പോഴത്തെ പ്രതിഷേധം.