ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം കോഴിക്കോട് പിടികൂടി. ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നികുതിയടക്കാതെ കൊണ്ടു വന്ന സ്വർണം കോഴിക്കോട് വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ വിഭാഗമാണ് പിടികൂടിയത്. എൺപതു ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചാണ് സ്വർണം കൊണ്ടുവന്നത്. 30 കിലോ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയിട്ടുള്ളത്. തൃശൂരിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു.
ആര്‍റ്റിഎഫിന്‍റെ ക്രൈംഡിറ്റാച്ച്മെന്‍റ് സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ട്രെയിനില്‍ കൊണ്ടുപോകുന്ന സ്വര്‍ണം കണ്ടെത്തിയത്.
വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍വെച്ചാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് എത്തുന്നതിന് മുമ്പായി രണ്ടുപേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായവരെ ജിഎസ്ടി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.