കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഡി.വൈ.എഫ്.ഐ

0
80

കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് നേരെ ഉണ്ടായ വധഭീഷണിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ രാത്രി ഫോണിലൂടെയാണ് വധഭീഷണി ഉണ്ടായത്. മുരുകൻ കാട്ടാക്കടയെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

‘ചോപ്പ്’ എന്ന സിനിമക്കു വേണ്ടി മുരുകൻ കാട്ടാക്കട അടുത്തിടെ എഴുതി ആലപിച്ച ‘മനുഷ്യനാകണം’ എന്ന ഗാനത്തെ ചൊല്ലിയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. വലിയ തോതിൽ മനുഷ്യസ്നേഹികൾ ഏറ്റെടുത്ത ഗാനത്തെ വിമർശിച്ചുകൊണ്ടായിരുന്നു ഫോൺ സംഭാഷണത്തിൻ്റെ തുടക്കം.

വർഗീയവാദികളുടെ ഇത്തരം ഭീഷണികൾക്ക് മുന്നിൽ വീണുപോകുന്നതല്ല കേരളം. മതതീവ്രവാദ ആശയങ്ങൾക്ക് ഈ നാട്ടിൽ സ്ഥാനവും ഇല്ല. എഴുത്തുകാർക്കും കലാകാരന്മാർക്കും എതിരായി വർഷങ്ങളായി രാജ്യത്ത് നടന്നുവരുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും പോലെ കേരളത്തിലും നടത്തിക്കളയാം എന്ന വ്യാമോഹം വർഗീയശക്തികൾ വച്ചുപുലർത്തേണ്ട.

സാംസ്കാരിക പ്രവർത്തരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് ഇത്തരം ആളുകൾ കരുതേണ്ട. അത്തരം നീക്കങ്ങൾക്കെതിരെ ഈ മതനിരപേക്ഷ കേരളം ശക്തമായ പ്രതിരോധം തീർക്കും. മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി മുരുകൻ കാട്ടാക്കടക്കെതിരെ ഉയർന്ന കൊലവിളിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.