ശരത് കുമാറിനും രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

0
75

തമിഴ് നടൻ ശരത്കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത്കുമാറിനും ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ചെക്ക് കേസിലാണ് ചെന്നൈ പ്രത്യേക കോടതിയുടെ ഉത്തരവ്.

റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 1.5 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.2018 ലെ കേസിലാണ് വിധി വന്നിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ അഞ്ച് കോടി രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്.

ശരത് കുമാർ, രാധിക, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നടത്തുന്ന മാജിക്ക് ഫ്രെയിംസ് കമ്പനി റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 1.50 കോടി രൂപ കടമെടുത്തിരുന്നു.

ഇതിന് പുറമെ 50 ലക്ഷം രൂപ പലിശരഹിത വായ്പയും ശരത്കുമാർ എടുത്തിരുന്നു. ഇതിന് പകരം പത്ത് ലക്ഷം രൂപയുടെ അഞ്ച് ചെക്കുകൾ നൽകിയിരുന്നു. എന്നാൽ ഈ ചെക്കുകളെല്ലാം മടങ്ങിപ്പോവുകയായിരുന്നു.