ബന്ദിയാക്കപ്പെട്ട ജവാൻ വെടിയേറ്റ് ചികിത്സയിലാണെന്ന് മാവോവാദികൾ

0
60

ഛത്തീസ്ഗഢില്‍ മാവോവാദികള്‍ ബന്ദിയാക്കിയ ജവാന് വെടിയേറ്റുവെന്നും ജവാന്‍ ചികിത്സയിലാണെന്നും ഫോട്ടോയും വീഡിയോയും ഉടന്‍ പുറത്തുവിടുമെന്നും മാവോവാദികള്‍ അറിയിച്ചു.

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മാവോവാദികള്‍ ഇതിനായി മധ്യസ്ഥര്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജവാനെ മോചിപ്പിക്കുന്നതിനായി മറ്റ് ഉപാധികളൊന്നും ഇതുവരെ മാവോവാദികള്‍ മുന്നോട്ടുവെച്ചിട്ടില്ല.

ഛത്തീസ്ഗഢില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ സംഘത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടതായും ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.

കോബ്ര ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനേയാണ് മാവോവാദികളുമായുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കാണാതായത്.

ഏറ്റുമുട്ടലില്‍ 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും സി.പി.ഐ. മാവോവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. രണ്ടുപേജുളള പ്രസ്താവന ദണ്ഡകാരണ്യ സെപ്ഷല്‍ സോണ്‍ കമ്മിറ്റിയുടെ വക്താവ് വികല്‍പിന്റെ പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ആദിവാസി ആക്ടിവിസ്റ്റായ സോണി സോരി ജവാനെ മോചിപ്പിക്കണമെന്ന് മാവോവാദികളോട് അഭ്യര്‍ഥിച്ചു. അവര്‍ ജവാനെ മോചിപ്പിക്കാന്‍ വൈകുകയാണെങ്കില്‍ ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്തേക്ക് താന്‍ പോകുമെന്നും അവരോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.