‘‘വളരെ കാലമായുള്ള ഞങ്ങളുടെ ആവശ്യമാണ് പിണറായി സർക്കാർ സാധിച്ച് തന്നത്. വർഷങ്ങളായി ഞങ്ങൾ അനുഭവിച്ച നീതി നിഷേധത്തിനുള്ള പരിഹാരമാണിത് ’’. 62 വർഷമായി താനുൾപ്പെടെയുള്ള സന്യസ്‌തർക്ക് നിഷേധിക്കപ്പെട്ട റേഷൻ കാർഡ് ലഭിച്ചതിലുള്ള സന്തോഷം റിപ്പൺ സിസ്‌റ്റേഴ്‌സ് ഓഫ് റിഡംഷനിലെ സിസ്‌റ്റർ തെയ്യാമ്മയുടെ വാക്കുകളിൽ നിറഞ്ഞു. ഒപ്പം സർക്കാർ കരുതലിനുള്ള നന്ദിയും കടപ്പാടും സിസ്റ്റർ മറച്ചില്ല.
കന്യാസ്‌ത്രീ മഠങ്ങളിലെയും സർക്കാർ സഹായം ലഭിക്കാത്ത ചാരിറ്റബിൾ സ്ഥാപനങ്ങ ളിലെയും അന്തേവാസികൾക്ക് റേഷൻ കാർഡ് നൽകാനുള്ള ചരിത്ര തീരുമാനമാണ് ഈ വിഭാഗങ്ങൾക്ക് നഷ്‌ടമായ നീതി ലഭിക്കാൻ സഹായകരമായത്.
വീട്ട് നമ്പർ ഇല്ലാത്തതാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് റേഷൻ കാർഡ് നൽകാൻ തടസമായത്. 2020 ഡിസംബർ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളപര്യടനത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക് കന്യാസ്‌ത്രീകൾ ഈ ആവശ്യമുന്നയിച്ച് നിവേദനം നൽകി.
സി കെ ശശീന്ദ്രൻ എംഎൽഎ വഴിയാണ് ജില്ലയിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രിയെ സമീപിച്ചത്. അന്ന് വേദിയിലിരുന്ന നേഹ സദനിലെ സിസ്‌റ്റർ അനീറ്റ, റേഷൻ കാർഡില്ലാത്തതിനാൽ തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച് സംസാരിക്കുകയും ചെയ്‌തു.
ചർച്ചകൾക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മറ്റെല്ലാ ഉറപ്പും പോലെ ആ ഉറപ്പുംദിവസങ്ങൾക്കകം പാലിക്കപ്പെട്ടു. കന്യസ്‌ത്രീ മഠങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ബ്രൗൺ നിറത്തിൽ റേഷൻ കാർഡ് സർക്കാർ അനുവദിച്ചു. രണ്ട് കിലോ അരിയും ഒരു കിലോ ഗോതമ്പും മറ്റെവിടെയും റേഷൻ കാർഡിൽ പേരില്ലാത്ത മുഴുവൻ അന്തേവാസികൾക്കും ഇപ്പോൾ ലഭിക്കുന്നുണ്ട്.
നേരത്തെ സന്യസ്തർക്ക് പെർമിറ്റ് അനുസരിച്ച് ഭക്ഷ്യധാന്യം നൽകിയിരുന്നു. എന്നാൽ ഭക്ഷ്യഭദ്രതാ നിയമം വന്നതോടെ റേഷൻ കാർഡ് നിർബന്ധമായി. വീട്ടുവിലാസം നിർബന്ധമായതിനാലാണ് റേഷൻ കാർഡ് ലഭിക്കാൻ തടസ്സം നേരിട്ടത്. ഇക്കാര്യമാണ് വയനാട്ടിലെ കന്യാസ്ത്രീ സമൂഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
പ്രശ്‌നം പരിഹരിക്കാൻ താമസിക്കുന്ന ആശ്രമമോ മഠമോ മേൽവിലാസമായി പരിഗണിച്ച് പ്രത്യേക റേഷൻ കാർഡ് നൽകാനാണ് സർക്കാർ തീരുമാനം. സ്ഥലം മാറ്റമുണ്ടായാലും കാർഡ് പുതുക്കേണ്ടതില്ല.