‘‘പറഞ്ഞതൊന്നും നടപ്പാക്കാൻ പറ്റിയില്ല; അതിനാൽ ശരണം വിളിച്ചതാകാം’’ : മുഖ്യമന്ത്രി

0
150

പ്രധാനമന്ത്രി നേരത്തെ കേരളത്തിൽ വന്നപ്പോൾ ചിലതെല്ലാം നടപ്പാക്കുമെന്ന്‌ പറഞ്ഞിരുന്നു. പിന്നെ അതോർത്തത്‌ ഇപ്പോഴാകും. അതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്ത്‌ കാണും . അതുകൊണ്ട്‌ ശരണം വിളിച്ചതാകാനാണ്‌ സാധ്യതയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്രമോഡി തെരഞ്ഞെടുപ്പ്‌ യോഗത്തിൽ ശരണം വിളിച്ചതിനെ കുറിച്ചുള്ള ചോദ്യേത്തോട്‌ പ്രതികരിക്കുയായിരുന്നു മുഖ്യമന്ത്രി.

പൊതു മേഖലാ സ്‌ഥാപനമായ സോളാർ എനർജി കോർപ്പറേഷനിൽനിന്ന്‌ കെഎസ്‌ഇബി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ പച്ചനുണയാണ്‌ പ്രതിപക്ഷ നേതാവ്‌ പറയുന്നത്‌. അദ്ദേഹത്തിന്‌ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്‌. അതാണ്‌ നിരന്തരം നുണകൾ പറയുന്നത്‌. വൈദ്യുതി മേഖലയിൽ സ്വകാര്യവത്‌കരണം നടപ്പാക്കിയത്‌ കോൺഗ്രസ്‌ അല്ലേ . ബിജെപി അത്‌ തീവ്രമാക്കി. രണ്ട്‌കൂട്ടർക്കും ഒരേ നയമാണ്‌.

കോൺഗ്രസും ബിജെപിയും യുഡിഎഫും തമ്മിൽ കേരളാതല സഖ്യമാണ്‌. തലശേരിയിൽ എൽഡിഎഫ്‌ സ്‌ഥാനാർഥി എ എൻ ഷംസീർ തോൽക്കണമെന്നും ഗുരുവായൂരിൽ ലീഗ്‌ സ്‌ഥാനാർഥി ജയിക്കണമെന്നും പറഞ്ഞത്‌ ബിജെപി നേതാവല്ലെ. .അത്‌ ഉമ്മൻചാണ്ടിക്ക്‌ നിഷേധിക്കാൻ പറ്റുമോ. എല്ലാ വർഗീയതയുമായി കൂട്ടുകൂടുകയല്ലേ . ജമാഅത്തെ ഇസ്‌ലാമിയേയും വെൽഫെയർ പാർടിയേും കൂടെ നിർത്തുന്നതും ഇവരല്ലെ.

രാഹുൽ ഗാന്ധി പങ്കെടുത്ത യോഗങ്ങളിൽ ലിഗിന്റെ കൊടി ചുരുട്ടികൂട്ടി പിടിക്കേണ്ടി വന്നത്‌ എന്തുകൊണ്ടാണെന്ന്‌ തിരിച്ചറിയേണ്ടത്‌ ലിഗണികൾ തന്നെയാണ്‌. വർഗീയതക്കെതിരെ എൽഡിഎഫ്‌ എടുക്കുന്ന നിലപാടിന്റെ പവിത്രത യുഡിഎഫ്‌ അനുയായികൾ പോലും സമ്മതിക്കുന്ന കാര്യമാണെന്നും ചോദ്യങ്ങൾക്ക്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.