അറിയുക : വർഗീയത വിഴുങ്ങിയ മണ്ടയേക്കാൾ ഭേദം, പേയിളകിയ പട്ടിയുടെ പല്ലാണ്…

0
77

– കെ വി  –

മുരത്ത മതരാഷ്ട്ര വാദികളായ മൗദൂദിസ്റ്റുകളുടെ നവമാധ്യമസെൽ പടച്ചുവിട്ട വിഷവൈറസുകൾ പലതും അവരെത്തന്നെ തിരിഞ്ഞുകുത്തുകയാണ്. ” ഇതൊരു രാഷ്ട്രീയ പോസ്റ്റായി കാണാതെ ചിലരുടെ വികൃത വിവേചനമായി മാത്രം കണ്ടാൽ മതി ” എന്ന ആമുഖത്തോടെ അവർ പുതുതായി മെനഞ്ഞെടുത്ത് പ്രചരിപ്പിക്കുന്ന വിഷവചനങ്ങളുടെ കടുപ്പം വിവരണാതീതമാണ്.

അതിൽ പറയുന്നതൊന്നും നേരിന്റെ നൂറയലത്തുപോലും വരുന്നതല്ല. അവയിലെ നാലക്ഷരമെങ്കിലും തെളിവിന് ഉദ്ധരിക്കാമെന്ന് വെച്ചാലോ – അതും കൊടുംപാതകമായിത്തീരും. എന്നാൽ,നാട്ടിൽ നടക്കുന്നതെന്തും വർഗീയത തിളയ്ക്കുന്ന കണ്ണിലൂടെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ദുഷ്ടമനസ്സുകളുടെ സൃഷ്ടിയെ വിവരക്കേടെന്ന് കരുതി അവഗണിക്കാനും വയ്യ.
ഇതുപോലൊരു വ്യാജനിർമിതി ഈയിടെ സംഘപരിവാർ ഗ്രൂപ്പ് പ്രചരിപ്പിച്ചത് ഓർമ്മയിലുണ്ട്.

സംസ്ഥാനത്തെ മുൻ വിദ്യാഭ്യാസ മന്ത്രിമാരുടെ പട്ടിക ചേർത്ത് ഇവരൊക്കൊ “ആരാ … ” എന്നായിന്നു ചോദ്യം. എന്നുവെച്ചാൽ മനുഷ്യരെ തിരിച്ചറിയാൻ കഴിയാത്ത സംഘികൾക്ക് അവരിൽ ഒരാളേ സ്വീകാര്യനായിരുന്നുള്ളൂ. ആ പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ല.

അന്ധമായ വർഗീയ വിദ്വേഷത്തിന് അടിമപ്പെട്ടവർ സത്യത്തെ തങ്ങൾക്ക് വേണ്ടവിധത്തിൽ വളച്ചൊടിച്ച് ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണിത്. പശുപ്രേമത്തിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലുന്നതാണല്ലോ അക്കൂട്ടരുടെ ധാർമികത ….!

ജമാഅത്തെ ഇസ്ലാമിയും വെർഫേർ പാർട്ടിക്കാരും പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ പെരുപ്പം കണ്ടാൽ ഇവർ യഥാർത്ഥ മുസ്ലീംകളോ കപട വിശ്വാസികളോ എന്ന് ആർക്കും സംശയം തോന്നിപ്പോകും. സാക്ഷാൽ ഇസ്ലാമിക നീതിബോധമുള്ളവർ കരുതിക്കൂട്ടി നുണ മെനഞ്ഞ് പ്രചരിപ്പിക്കാൻ മിനക്കെടില്ലല്ലോ.

ഓരോ പെരുംകളളവും പൊളിയുമ്പോൾ വേറെ പുതിയ പസാദും അപവാദങ്ങളും പടച്ചിറക്കുന്നത് അനിസ്ലാമിക വകുപ്പിൽ പെടില്ലേ. സംശയംകൊണ്ട് ചോദിച്ചുപോവുകയാണ്. വലിയ നിശ്ചയമില്ല. തെറ്റുണ്ടെങ്കിൽ പൊറുക്കണമെന്ന് മുൻകൂർ അപേക്ഷിച്ചുകൊള്ളുന്നു. ദയവായി ഇസ്ലാമോഫോബിയയെന്ന് മുദ്രകുത്തരുത് ; ഇരവാദവും ആവർത്തിക്കരുത്.

ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയശേഷമുള്ള മൗദൂദിസ്റ്റുകളുടെ ചില വ്യാജനിർമിതികൾ മാത്രം ഇവിടെ ചൂണ്ടിക്കാട്ടട്ടെ. ഇവയിൽ ഏതൊക്കെ ശിർക്ക് / ഹറാം എന്ന് സത്യവിശ്വാസികൾ പരിശോധിക്കുമല്ലോ…

1. ഇടതുപക്ഷ സഹയാത്രികനായ മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ മോദിയെ സ്തുതിച്ച് ലേഖനം എഴുതിയെന്ന തരത്തിൽ കൃത്രിമ സൃഷ്ടി. അത് സെബാസ്റ്റ്യൻ പോൾതന്നെ വസ്തുതകൾ വ്യക്തമാക്കി പൊളിച്ചടുക്കി.

2. പിണറായിയുടെ ഭരണനടപടികളെ നിയമസഭയിലെ പ്രസംഗത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തള്ളിപ്പറഞ്ഞതായി തോന്നിക്കുന്ന വ്യാജവീഡിയോ. അത് ശ്രീരാമകൃഷ്ണന്റെ ചുണ്ടിലെ ചലനത്തിനൊപ്പം ഏതോ മിമിക്രി ആർട്ടിസ്ററിന്റെ ശബ്ദം തിരുകിക്കയറ്റിയതായിരുന്നു.

നിയമസഭയിൽ സ്പീക്കർ പ്രസംഗിച്ചതെല്ലാം രേഖകളിൽ ഉള്ളതാണ്. വീഡിയോകളും ഉണ്ട്. അവയിലൊന്നുമായും ഈ വ്യാജനിർമിതി പൊരുത്തപ്പെടുന്നില്ല. സ്പീക്കറുടെ വായിൽനിന്ന് അങ്ങനെയൊരു വാക്കെങ്കിലും വീണുകിട്ടിയാൽ ഇടതുപക്ഷവിരുദ്ധ വാർത്താ മാധ്യമങ്ങൾ അത് ആഘോഷമാക്കുമായിരുന്നല്ലോ. കഥയിൽ ചോദ്യമുണ്ടാവില്ലെന്ന ധാരണയിൽ ആളുകളുടെ സാമാന്യബുദ്ധിയെ കവച്ചുവെക്കുകയായിരുന്നു മൗദൂദികൾ …!

3. തെരഞ്ഞെടുപ്പിൽ എൽ ഡി എഫുമായി കൂട്ടുകെട്ടുണ്ടാക്കുന്ന തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി ബി ജെ പി നേതാക്കൾ ചർച്ച നടത്തി എന്ന ഫോട്ടോയും വാർത്തയും . ശബരിമലപ്രശ്നം സംസാരിക്കാൻ സംഘപരിവാർ സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടപ്പോഴുള്ള ഫോട്ടോ വ്യാജവാർത്തയുടെ കൂടെ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു.

4 . ആർ എസ് എസ് അക്രമം അവസാനിപ്പിക്കാൻ സൂഫിവര്യൻ ശ്രീ എമ്മുമായി സി പി ഐ – എം നേതാക്കൾ രഹസ്യചർച്ച നടത്തി. അത് പരസ്യ ചർച്ചതന്നെ ആയിരുന്നുവെന്ന് അക്കാലത്തെ പത്രറിപ്പോർട്ടുകൾസഹിതം തെളിയിക്കപ്പെട്ടു. മാത്രമല്ല, നാട്ടിൽ സംഘർഷം പടരുന്നത് ഒഴിവാക്കാനായിരുന്നു അതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

5. ഗെയിൽ പൈപ്പ് ലൈൻ വലിക്കാൻ ഭൂമി വിട്ടുകൊടുത്തവർ നഷ്ടപരിഹാരം കിട്ടാൻ വൈകിയപ്പോൾ കൊച്ചിയിൽ നാലുവർഷംമുമ്പ് ധർണ നടത്തിയിരുന്നു. അന്ന് സി പി ഐ എം നേതാവ് പി രാജീവായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. ആ പടം ചേർത്ത് , ഗെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മുകാർ നടത്തിയ സമരം എന്ന വ്യാജേന വാർത്തയുണ്ടാക്കി പ്രചരിപ്പിച്ചു.

വയൽക്കിളി സമരം,പാലത്തായി പീഡന കേസ്, ഫസൽ വധക്കേസ് തുടങ്ങി വർഷങ്ങളായി കോളം നിറയ്ക്കുന്ന “മാധ്യമ ” നുണപരമ്പരകൾ വേറെയുണ്ട് നിരവധി. അവ ഓരോന്നും എണ്ണിപ്പറഞ്ഞാൽ വായനക്കാർക്ക് മടുക്കും. തന്നെയുമല്ല ഇപ്പോഴും ഗഡുക്കളായി അതെല്ലാം തുടരുന്നുമുണ്ടല്ലോ. അതിനാൽ ഇപ്പോൾ ഇത്രയും മതിയെന്നുവെക്കാം.