നീറുന്നത് മാലിന്യപ്രശ്നം, ഉത്തരമില്ലാതെ ബിജെപിയും യുഡിഎഫും

0
205

പാലക്കാട് നഗരം ഇക്കുറി വിധിയെഴുതുന്നത് മാലിന്യ ദുർഗന്ധത്തിനെതിരെയാവുമോ? എൻഡിഎയും ബിജെപിയും ഒരുപോലെ പങ്കുവെയ്ക്കുന്ന ആശങ്കയാണിത്. തെരുവുകളിലും റോഡുവക്കുകളിലും സ്റ്റേഡിയം പോലുള്ള പൊതു ഇടങ്ങളിലും മാലിന്യക്കൂമ്പാരം പെരുകുമ്പോൾ നഗരസഭയും എംഎൽഎയും കാഴ്ചക്കാരാണ്.

ഫലപ്രദമായ ഒരു മാലിന്യ സംസ്ക്കരണ പരിപാടിയും ആവിഷ്കരിക്കാൻ ഇരുകൂട്ടർക്കും ഇതേവരെ കഴിഞ്ഞിട്ടില്ല. നിഷ്പക്ഷ വോട്ടർമാർ ഈ നിസംഗതയ്ക്കെതിരെ പ്രതികരിക്കുമെന്ന ഭീതി ഇരുകൂട്ടർക്കുമുണ്ട്.

മേപ്പറമ്പ് ബൈപാസ്, ചക്കാന്തറ പള്ളി പരിസരം, സുൽത്താൻപേട്ട മാതാകോവിൽ സ്ട്രീറ്റ്, കൽമണ്ഡപം കനാൽ പരിസരം തുടങ്ങി നഗരത്തിലെ പലഭാഗങ്ങളിലും മാലിന്യം കൂമ്പാരമായി കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കോഴിമാലിന്യങ്ങളും പഴയ തുണികളും ഉൾപ്പെടെ എല്ലാത്തരം മാലിന്യങ്ങളും ഇവിടങ്ങളിൽ വലിച്ചെറിയുന്നുണ്ട്. അഴുകുന്ന മാലിന്യത്തിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധവും ഇവിടങ്ങളിലെ തെരുവു നായ്ക്കളുടെ താവളം നിത്യജീവിതത്തിന് ഭീഷണിയായി മാറിക്കഴിഞ്ഞു.

രാഷ്ട്രീയ ഭേദമെന്യെ ജനങ്ങൾ ഇക്കാര്യത്തിൽ അമർഷം പങ്കുവെയ്ക്കുന്നുണ്ട്. ഈ രോഷത്തെ നഗരസഭയ്ക്കെതിരെ തിരിക്കാനാണ് എംഎൽഎയുടെ ശ്രമം. മാലിന്യപ്രശ്നം പരിഹരിക്കേണ്ടത് എംഎൽഎയുടെ ഉത്തരവാദിത്തമാണോ എന്ന ചോദ്യമാണ് ഷാഫി പറമ്പിൽ പ്രചരണത്തിലുടനീളം ഉന്നയിക്കുന്നത്. നഗരസഭയാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കേണ്ടത് എന്നും എംഎൽഎ വാദിക്കുന്നു.

ആലപ്പുഴയിൽ തോമസ് ഐസക്കിന്റെയും വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന മാലിന്യസംസ്ക്കരണ പ്രവർത്തനങ്ങൾ എംഎൽഎയ്ക്കു മുന്നിൽ നിരത്തുകയാണ് എൽഡിഎഫ്. ആലപ്പുഴ സമ്പൂർണ ശുചിത്വ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുമ്പോൾ തോമസ് ഐസക് പ്രതിപക്ഷ എംഎൽഎ ആയിരുന്നു എന്ന് എൽഡിഎഫ് ഓർമ്മിപ്പിക്കുന്നു. ആലപ്പുഴ മുനിസിപ്പാലിറ്റിയും യുഡിഎഫാണ് അന്ന് ഭരിച്ചിരുന്നത്. ഇത്തരമൊരു മുൻകൈയെടുക്കാൻ പാലക്കാട് എംഎൽഎ എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യത്തിന് യുഡിഎഫിന്റെ പക്കൽ മറുപടിയില്ല.

പ്രശ്നത്തിന്റെ ഗൌരവം നഗരസഭ ഭരിക്കുന്ന ബിജെപിയ്ക്കും മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ഖരമാലിന്യസംസ്ക്കരണം എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരന്റെ മാസ്റ്റർ പ്ലാനിൽ പ്രാധാന്യത്തോടെ പ്രഖ്യാപിച്ചത്. എന്നാൽ ആറു വർഷമായി നഗരസഭ ഭരിക്കുന്ന എൻഡിഎ ഇതുവരെ ഇക്കാര്യത്തിൽ എന്തു ചെയ്തു എന്ന ചോദ്യം നഗരത്തിൽ മുഴങ്ങുന്നു.

ഭാവനാപൂർണമായ മാലിന്യസംസ്ക്കരണ പദ്ധതികൾ ആവിഷ്കരിക്കാത്തതു മൂലമാണ് പാലക്കാട് നഗരം ചീഞ്ഞു നാറുന്നത്. ആലപ്പുഴയും തിരുവനന്തപുരം കോർപറേഷനും മാലിന്യപ്രശ്നം കൈകാര്യം ചെയ്യാമെങ്കിൽ പാലക്കാടിനും കഴിയേണ്ടതാണ് എന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. മാലിന്യപ്രശ്നം മുൻനിർത്തി എൽഡിഎഫ് ഉയർത്തുന്ന ശക്തമായ പ്രചരണത്തെ നിലവിൽ പ്രതിരോധിക്കാൻ എൻഡിഎയ്ക്കും യുഡിഎഫിനും കഴിയുന്നില്ല. തിരഞ്ഞെടുപ്പിൽ ഇക്കാര്യം എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് ഇരുകൂട്ടരും.