ഒന്നാംഘട്ട വോട്ടെടുപ്പിനിടെ ബം​ഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂലും ബിജെപിയും

0
72

ഒന്നാംഘട്ട വോട്ടെടുപ്പിനിടെ ബം​ഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂലും ബിജെപിയും. ഇടതുമുന്നണി സംയുക്ത മോർച്ച പ്രവർത്തകരെ ഇരുകൂട്ടരും ആക്രമിച്ചു.

സിപിഐ എം സ്ഥാനാർഥിയും മുൻമന്ത്രിയുമായ സുശാന്ത ഘോഷ് തൃണമൂൽ ആക്രമണത്തിന് ഇരയായി. ബൂത്തുപിടിത്തവും കള്ളവോട്ടും വ്യാപകമായി അരങ്ങേറി. 22 മണ്ഡലത്തിലെ അക്രമസംഭവങ്ങളിൽ 638 പരാതി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷന് നൽകി.

മെദിനിപുർ ജില്ലയിലെ സാൽബനിയിൽ വ്യാപകമായി ഇടതുമുന്നണി ഏജന്റുമാരെ ഇറക്കി വിട്ടതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴാണ് സുശാന്ത ഘോഷിനെതിരെ ആക്രമണം.

കാറ് അടിച്ചുതകർത്തു. ഇത് ചിത്രീകരിച്ച ഏബിപി ചാനൽ പ്രവർത്തകർക്കും മർദനമേറ്റു. ജനാധിപത്യത്തിന്‌ നേരായ ആക്രമണമാണിതെന്നും മമതയുടെ ജംഗിൾരാജ്‌ തുടരുകയാണെന്നും ഘോഷ്‌ പറഞ്ഞു. സംഭവത്തിൽ മൂന്നുപേരെ അറസ്‌റ്റുചെയ്‌തതായി തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു.

പട്ടാഷ്പുർ മണ്ഡലത്തിലെ ഭഗവാൻപുരിൽ തൃണമൂൽ–-ബിജെപി ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഓഫീസർമാർ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞു. ബിജെപി നേതാവ് സുഖേന്ദു അധികാരിയുടെ സഹോദരൻ ദിവ്യേന്ദു അധികാരിയെ തൃണമൂലുകാർ ആക്രമിച്ചു. കാറ് അടിച്ചുതകർത്തു.

സാൽബനി, നയാഗ്രാം, ഗോപിവല്ലഭ്പുർ, കൺടായി, കേശിയാരി, പട്ടാഷ്പുർ, ബലരാംപുർ, റാണിബന്ദ്, ഖേജുരി എന്നിവിടങ്ങളിൽ വ്യാപക അക്രമമുണ്ടായി. ഖേജുരിയിലെ ബൂത്തുകളിലും സിപിഐ എം ഏജന്റുമാരെ പ്രവേശിപ്പിച്ചില്ല. കേശിയാരി മണ്ഡലത്തിൽ വോട്ടെടുപ്പിന് തൊട്ടുമുമ്പുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് പരിക്കേറ്റു.

പിന്നീട് സമീപത്തുനിന്ന് ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി. തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോട്ട് തേടി. ബന്ദവാൻ വന മേഖലയിൽ തെരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള വാഹനം കത്തിനശിച്ചു. മാവോയിസ്റ്റുകളാണ് പിന്നിലെന്ന് സംശയിക്കുന്നു. ബൂത്തുകളിൽ സംസ്ഥാന പൊലീസ് കടക്കരുതെന്ന തെരഞ്ഞടുപ്പ് കമീഷന്റെ നിർദേശം ലംഘിക്കപ്പെട്ടു.

പലയിടത്തും പൊലീസ് ബൂത്തിനുള്ളിൽ കടന്ന് തൃണമൂലിനായി വിടുവേലചെയ്തു. വോട്ടെടുപ്പിന്റെ തലേന്ന്‌ കൊൽക്കത്തിയിൽ രണ്ടിടത്തായി 46 ബോംബ് കണ്ടെടുത്തു. നന്ദിഗ്രാമിൽ തൃണമൂലിൽനിന്ന് ബിജെപിയിലേക്ക് ചാടിയ പ്രളയ പോളിനോട് സുഖേന്ദുവിനെ നേരിടാൻ മമത സഹായം അഭ്യർഥിക്കുന്നതിന്റെ വീഡിയോ പുറത്തായി.