സൗദി അറേബ്യയിൽ പൊതു ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്സിനേഷൻ നിർബന്ധം

0
52

സൗദി അറേബ്യയില്‍ പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും കോവിഡിനെതിരായ വാക്സിനേഷൻ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊതു തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതാണ് ഉത്തരവ്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ജിംനേഷ്യം, കായിക കേന്ദ്രങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്. അറബി മാസം ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഓരോ ആഴ്ചയിലും കോവിഡ് നെഗറ്റീവ് പി.സിആര്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമായിരിക്കുമെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ക്കും സമാന രീതിയിലുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇതോടെ പൊതു ഇടങ്ങളില്‍ ജോലിയെടുന്നവര്‍ക്ക് ശവ്വാല്‍ മുതല്‍ വാക്‌സിന്‍ സ്വീകരിക്കാതെ തൊഴിലെടുക്കാന്‍ പ്രയാസം നേരിടും.