നമിക്കാം നമുക്കും സ്മിജയുടെ മുമ്പിൽ മുട്ടുകുത്തി…

0
59

കെ.ജയദേവൻ

ചില ജീവിതങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോഴാണ്, വലിയവരെന്ന് കരുതപ്പെടുന്നന്ന പലരും യഥാർത്ഥത്തിൽ എത്ര ചെറിയവരാണ് എന്ന് നാം തിരിച്ചറിയുക. ധീരരെന്ന് കൊട്ടിഘോഷിക്കപ്പെട്ട പലരും എത്ര ഭീരുക്കളാണ് എന്ന്. നക്ഷത്രങ്ങൾ പലതും വെറും കരിക്കട്ടകളാണ് എന്ന്…

ഇതാ, ഇക്കാലത്ത് സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധം വ്യത്യസ്തയായ ഒരു പെൺകുട്ടി ഇന്ന് നമുക്കിടയിൽ ആകാശത്തോളം ഉയർന്നു നിൽക്കുന്നു.ഗിരിശൃംഗങ്ങളുടെ വലുപ്പവും, കടലോളം അഗാധമായ ധൈര്യവുമുള്ള ഒരാൾ.

നമ്മുടെ അഹന്തകൾക്കും, പൊങ്ങച്ചങ്ങൾക്കും, കപടമായ സത്യസന്ധതകൾക്കും മുന്നിൽ വന്നു നിന്ന്, തികച്ചും വിനീതമായി, നിങ്ങളെല്ലാം എത്ര ചെറിയവരാണ് എന്നോർമ്മപ്പെടുത്തി അവൾ ചരിത്രത്തിന് ഇന്ധനമാകും.

ആലുവയ്ക്കടുത്ത് വലമ്പൂരിൽ താമസിക്കുന്ന സ്മിജയെന്ന സാധാരണക്കാരിയായ പെൺകുട്ടിയാണ് സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും പൂർണ്ണതയുള്ള മനുഷ്യജീവി .ജോലി കൊണ്ട്, അവർ ഒരു ലോട്ടറി വിൽപ്പനക്കാരിയാണ്. സ്വാഭാവികമായും ദരിദ്രയാകാനാണ് സാദ്ധ്യത.

കടമായി ഒരാൾ പറഞ്ഞു വെച്ച ടിക്കറ്റിനാണ് ഞായറാഴ്ച്ച 6 കോടിയുടെ സമ്മാനമടിച്ചത് എന്നറിഞ്ഞപ്പോൾ, രാത്രി തന്നെ ആ ടിക്കറ്റ് അയാളുടെ വീട്ടിലെത്തിച്ച് അതിൻ്റെ 200 രൂപയും വാങ്ങി തിരിച്ചു പോന്നു അവർ !നാമോരോരുത്തരുമാണ് സ്മിജയുടെ സ്ഥാനത്തെങ്കിലോ? അവനവൻ എന്തു ചെയ്യുമായിരുന്നു എന്ന് മനസ്സിൽ ഒരുത്തരം പറഞ്ഞു നോക്കൂ. അപ്പോഴറിയാം നാം എത്രയുണ്ടെന്ന്!

പുറത്താരും അറിഞ്ഞിട്ടില്ലാത്ത ഒരു വാക്ക് ഒന്ന് മാറ്റിപ്പറഞ്ഞാൽ ലഭിക്കാനിടയുള്ള കോടികൾ വേണ്ടെന്ന് വെക്കാൻ അസാമാന്യമായ ധൈര്യം വേണം. ഈ കാലത്തിന് യോജിക്കാത്ത വിധമുള്ള സത്യസന്ധത അതിലേറെയും വേണം. അത് രണ്ടും തികഞ്ഞവളാണ് സ്മിജ. നമുക്കിടയിലെ അപൂർവ ഇനങ്ങളിൽ ഒന്ന്!

ഈ പെൺകുട്ടിയുടെ ചിത്രത്തിലേക്ക് വീണ്ടും വീണ്ടും നോക്കുമ്പോൾ, മൺതരിയോളം ചെറുതാകുന്നതായി എനിക്ക് തോന്നുന്നു. തുച്ഛമായ എൻ്റെ ജീവിതത്തെയോർത്ത് എനിക്ക് കരച്ചിൽ വരുന്നു.ഞാൻ അനുഭവിച്ച ഏതൊന്നിനേക്കാളും അവളെനിക്ക് വില പിടിച്ചൊരു പാഠപുസ്തകമാകുന്നു.

എങ്ങിനെ ജീവിക്കണമെന്നു മാത്രമല്ല; എങ്ങിനെ ജീവിക്കരുതെന്നും അവർ ഈ ലോകത്തോട് പറയുന്നു. എന്തും, എങ്ങിനേയും നേടാമെന്ന് കരുതുന്നവർക്ക് ഇതൊക്കെ വിഡ്ഢിത്തമായി തോന്നാം. എന്നാൽ മനുഷ്യൻ എന്ന പദം എത്രയോ സുന്ദരമാകുന്നത് ഇതുപോലുള്ള ആളുകളിലൂടെയാണ് എന്നെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ, പിന്നെ നിസ്സാരമായ ഈ ജീവിതം കൊണ്ട് എന്ത് കാര്യം..?

സഹോദരീ.. സങ്കടങ്ങളുടെ പൊരിവെയിൽ കൊണ്ട് വിയർത്ത് കിടക്കുന്ന നിൻ്റെ ശിരസ്സിൽ ഞാനൊന്ന് തൊട്ടോട്ടെ.