പ്രധാനമന്ത്രി ആവാസ് യോജനയിൽ കോടികളുടെ തട്ടിപ്പെന്ന് സിബിഐ

0
82

കേന്ദ്രസര്‍ക്കാരിന്റെ ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യിൽ സഹസ്ര കോടികളുടെ തട്ടിപ്പെന്ന് സിബിഐ. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ധവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (ഡിഎച്ച്‌എഫ്‌എൽ) ഉടമസ്ഥരായ കപിൽ, ധീരജ് വധാവന്‍ സഹോദരങ്ങള്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.

11,755 കോടിയിലധികം രൂപയുടെ വ്യാജ ഭവനവായ്പാ അക്കൗണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു ഡിഎച്ച്‌എഫ്‌എൽ തട്ടിപ്പ് നടത്തിയത്. ഇതിലൂടെ സബ്സിഡി ഇനത്തില്‍ 1,880 കോടി രൂപയാണ് തട്ടിയെടുത്തത്. 2022ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച്‌ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന.

സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളില്‍ (ഇഡബ്ല്യുഎസ്) നിന്നുള്ളവര്‍ക്കും താഴ്ന്ന, ഇടത്തരം വരുമാന ഗ്രൂപ്പുകളില്‍ നിന്നുള്ളവര്‍ക്കുമാണ് വായ്പ അനുവദിക്കുന്നത്. ഈ വായ്പയുടെ പലിശ സബ്സിഡിയായി ലഭിക്കും. വായ്പകള്‍ അനുവദിച്ച ഡിഎച്ച്‌എഫ്‌എല്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളാണ് സബ്സിഡി ക്ലെയിം ചെയ്യേണ്ടത്.

കപിലും ധീരജ് വധാവനും ഡിഎച്ച്‌എഫ്‌എലിന്റെ ബാന്ദ്രാ ശാഖയില്‍ മാത്രം 2.6 ലക്ഷം വ്യാജ ഭവനവായ്പ അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു. 2007–2019 കാലയളവില്‍ 14,046 കോടി രൂപ ഈ അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 11,755 കോടി മറ്റ് വ്യാജ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ 88,651 ഭവനവായ്പാ അക്കൗണ്ടുകളിലായി 539.4 കോടിയുടെ സബ്സിഡി ലഭിച്ചുവെന്നാണ് മറ്റ് നിക്ഷേപകരെ ഇവർ അറിയിച്ചതെന്നും സിബിഐ എഫ്ഐആറിൽ പറയുന്നു.