സർവേ ഫലങ്ങൾ ഇടതു മുന്നണിക്ക് അനുകൂലമായത് കണ്ട് യുഡിഎഫ് ഭയന്നിരിക്കുകയാണ്; മന്ത്രി ശൈലജ ടീച്ചര്‍

0
91

ഇടതു മുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയെങ്കിൽ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോൾ പ്രകടനപത്രിക തന്നെ പിൻവലിക്കുകയാണുണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. സർവേ ഫലങ്ങൾ കണ്ട് ഭയന്ന യുഡിഎഫ് സർവേകൾ തടയാൻ നിയമനടപടി തേടുകയാണെന്നും ശൈലജ ടീച്ചർ ഏറ്റുമാനൂരിൽ പറഞ്ഞു.

ഇടതു മുന്നണി കഴിഞ്ഞ തവണ പ്രകടന പത്രികയിൽ മുന്നോട്ടുവച്ച 600 വാഗ്ദാനങ്ങളിൽ 580 എണ്ണം നടപ്പാക്കി. അവശേഷിക്കുന്ന 20 എണ്ണം പൂർത്തീകരണത്തിന്റെ പാതയിലാണ്. ഈ 600 വാഗ്ദാനങ്ങൾക്ക് അപ്പുറം നാല് മിഷനുകളിലൂടെ ഒട്ടനേകം വികസന പദ്ധതികളും സർക്കാർ നടപ്പാക്കിയെന്നും ശൈലജ ടീച്ചർ പറഞ്ഞു.

ഇടതു സർക്കാർ പ്രകടന പ്രത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമാക്കാൻ ശ്രമിച്ചെങ്കിൽ കഴിഞ്ഞ യു ഡി എഫ് സർക്കാർ അധികാരത്തുമ്പോൾ വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങളൊന്നും തന്നെ നടപ്പാക്കാൻ കഴിയാതെയാണ് അധികാരമൊഴിഞ്ഞത്. ജനങ്ങളുടെ ചോദ്യം ഭയന്ന് അന്നത്തെ പ്രകടന പത്രിക തന്നെ വെബ് സൈറ്റിൽ നിന്നും യു ഡി എഫ് നീക്കം ചെയ്തുവെന്നും ശൈലജ ടീച്ചർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേ ഫലങ്ങൾ ഇടതു മുന്നണിക്ക് അനുകൂലമായി മാറുന്നത് കണ്ട് യു ഡി എഫ് ഭയന്നിരിക്കുകയാണ്. ഇപ്പോൾ സർവേകൾ നിരോധിക്കാൻ യു ഡി എഫ് വഴി തേടുകയാണ്. ഇടതുപക്ഷം സർവേ ഫലങ്ങളെ നോക്കിയല്ല വികസനം ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞു.

ഏറ്റുമാനൂരിലെ ഇടതു സ്ഥാനാർത്ഥി വി എൻ വാസവൻ, കോട്ടയത്തെ സ്ഥാനാർത്ഥി അഡ്വ. അനിൽ കുമാർ എന്നിവരുടെ പ്രചരണത്തിനായി തയ്യാറാക്കിയ ഗാനങ്ങളുടെ സി ഡി പ്രകാശനവും ശൈലജ ടീച്ചർ നിർവഹിച്ചു.