ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലെ;കങ്കണയ്ക്കെതിരെ ട്രോൾ മഴ

0
74

ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലെ;പുരസ്‌കാരത്തിന് പിന്നാലെ ട്രോള്‍പൂരം
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മൂന്നാമതും കങ്കണയുടെ ഉള്ളംകയ്യിൽ എത്തിയിരിക്കുന്നു. മികച്ച സഹനടിക്കുള്ള 2008 ലെ അവാർഡ് കൂടി നോക്കുമ്പോൾ 4 ദേശീയ പുരസ്കാരങ്ങൾ.നടിമാരിൽ ഏറ്റവുമധികം ദേശീയ പുരസ്കാരം നേടിയവരിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കങ്കണ. അഞ്ച് ദേശീയ അവാർഡ് നേടിയ ശബാന ആസ്മിയാണ് ഇതിൽ ഒന്നാമത്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ അവാർഡ് നിർണ്ണയത്തിൽ പ്രേക്ഷകർക്ക് കല്ലുകടിയായി തോന്നിയത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണയ്ക്ക് നൽകിയതിൽ തന്നെയാകണം.

വിവാദങ്ങളിൽ നിന്നു വിവാദങ്ങളിലേക്കു കങ്കണ റനൗട്ട് പടർന്ന വർഷമാണു കടന്നുപോയത്. 2020 നെ പൊള്ളിച്ച വിവാദങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ‘അംബാസഡറെ’പ്പോലെ ആക്രോശിച്ചതിന്റെ പ്രതിഫലമാണു പുരസ്കാരമെന്ന് തന്നെയാണ് അണിയറയിലെ സംസാരം. പാതി വഴിയിൽ സംവിധായകനുമായി വഴക്കുണ്ടായപ്പോൾ ആ ജോലി കൂടി ഏറ്റെടുത്തു കങ്കണ പൂർത്തിയാക്കിയ ചിത്രം ഝാൻസി റാണിയുടെ കഥയുമായെത്തിയ മണികർണിക. ദേശീയ കബഡി താരത്തിൽ നിന്നു വീട്ടമ്മയിലേക്കും റെയിൽവേ ക്ലാർക്കിലേക്കും ഒതുങ്ങിയ ജയ നിഗത്തിന്റെ മത്സരവേദിയിലേക്കുള്ള തിരിച്ചുവരവിന്റെ കഥ പറയുന്നു പംഗ. എന്നിവയിലെ പ്രകടനമാണ് കങ്കണയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. എന്നാൽ ഈ രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുകയും ചെയ്തില്ല. മാത്രമല്ല ഇതിലെ പ്രകടനങ്ങൾ ശരാശരിയിലും താഴെ മാത്രമായിരുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. മറ്റു പല നായികമാരും മികച്ച വേഷങ്ങൾ വെള്ളിത്തിരയിൽ എത്തിക്കുകയും ചെയ്തിരുന്നു.

പരസ്യമായി സംഘപരിവാര്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന നടിയാണ് കങ്കണ റണാവത്ത്. കര്‍ഷക സമരം ഉള്‍പ്പെടെ ബിജെപി സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന പ്രക്ഷോപങ്ങളെ അധിക്ഷേപിച്ചു കങ്കണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും തിരുത്താതെ മുന്നോട്ടുപോകുന്ന കങ്കണയെ ബിജെപി സഹായിക്കുന്നത് സ്വഭാവികം മാത്രമാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ വലതുപക്ഷ (ബിജെപി) _അനുഭാവികളായ അനര്‍ഹര്‍ക്ക് അവാര്‍ഡ് നല്‍കിയെന്നും അടുത്ത തവണ അലി അക്ബര്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടുമെന്നും ട്രോളുകളും നിറയുകയാണ്. സംഘപരിവാറിനോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ബിജെപി ശ്രമിക്കാറുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത തവണ അലി അക്ബറിന്റെ ചിത്രം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടാമെന്നുമാണ് ട്രോളന്മാരുടെ പരിഹാസം.