ഔഫ്‌ വധത്തിന് പിന്നിൽ രാഷ്ട്രീയവിരോധം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

0
95

പഴയകടപ്പുറത്തെ കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ്‌ അബ്ദുറഹ്‌മാ (28)നെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച്‌ ഹൊസ്‌ദുർഗ്‌ ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ  കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ അറസ്റ്റിലായി 90 ദിവസം കഴിയുംമുമ്പാണ്  രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ്‌ കോടതിയിൽ സമർപ്പിച്ചത്. ‌

കൊലപാതകമെന്ന് റിപ്പോർട്ട്‌ സ്ഥിരീകരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭയിലെ രണ്ട്  വാർഡുകളിൽ യുഡിഎഫ്‌ പരാജയപ്പെട്ടതിലുള്ള വൈരാഗ്യമാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫിന്റെ കൊലപാതകത്തിന്‌ കാരണമെന്നും പറയുന്നു. 101 സാക്ഷികളുടെ വിവരങ്ങൾ,  43 തൊണ്ടിമുതലുകൾ, ചികിത്സാരേഖകൾ, പോസ്റ്റുമോർട്ടം–-ഫോറൻസിക് റിപ്പോർട്ടുകൾ, ഫോൺ രേഖകൾ, പരിശോധനാ വിവരങ്ങൾ അടക്കം 42 രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കി.

അറസ്റ്റിലായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് (29), യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഹസൈൻ എന്ന ഹസന്‍ (30), ഹാഷിര്‍ (27) എന്നിവർക്കെതിരെയാണ് കുറ്റപത്രം. 2020 ഡിസംബർ 23ന്  രാത്രി പത്തരയോടെ  ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ഔഫിനെ ഒളിച്ചിരുന്ന പ്രതികൾ കല്ലൂരാവി മുണ്ടത്തോട്‌ തടഞ്ഞുനിർത്തി കുത്തിക്കൊല്ലുകയായിരുന്നു.  കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌ പി മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.