കെ ബാബുവിന്റെ വാദം പൊളിഞ്ഞു;ബാർകോഴ കേസും അനധികൃത സ്വത്തുസമ്പാദന കേസും നിലനിൽക്കുന്നുവെന്ന് സമ്മതിച്ച് ബാബു

0
119

ബാർ കോഴക്കേസിൽ തനിക്ക്‌ ക്ലീൻ ചിറ്റ്‌ കിട്ടിയെന്നത്‌ തെറ്റാണെന്ന്‌ തൃപ്പൂണിത്തുറയിലെ യുഡിഎഫ്‌ സ്ഥാനാർഥി കെ ബാബു തെരഞ്ഞെടുപ്പ്‌ കമീഷന്‌ സത്യവാങ്മൂലം സമർപ്പിച്ചു. വിജിലൻസ്‌ അന്വേഷിച്ച ബാർകോഴ കേസും അനധികൃത സ്വത്തുസമ്പാദന കേസും തനിക്കെതിരെ നിലനിൽക്കുന്നതായി‌ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കെ ബാബുവിന്‌ ബാർകോഴ കേസിൽ ക്ലീൻചിറ്റ്‌ എന്ന വാർത്ത അദ്ദേഹം സ്ഥാനാർഥിയാകുന്നതിനുമുമ്പ്‌ വിവിധ മാധ്യമങ്ങളിൽ വന്നിരുന്നു. വോട്ടർമാർക്കിടയിലും ഇത്‌ യുഡിഎഫ്‌ പ്രചരിപ്പിക്കുന്നു‌. 12 കേസിൽ ഒന്ന്‌ ബാർകോഴ കേസും മറ്റൊന്ന്‌ അനധികൃത സ്വത്തുസമ്പാദന കേസുമാണെന്ന്‌ സത്യവാങ്മൂലത്തിൽ പറയുന്നു.

പുതിയ ബാറുകൾക്ക്‌ ലൈസൻസ്‌ അനുവദിച്ചതിലും പഴയത്‌ പുതുക്കിനൽകിയതിലും നൂറുകോടിയുടെ കോഴ ഇടപാട്‌ നടന്നുവെന്നാണ്‌ കേസ്‌. അഴിമതിനിരോധന നിയമത്തിലെ s13(2), r/w 13(1)d വകുപ്പുകൾ പ്രകാരമുള്ള കേസിൽ ചാർജ്‌ ലഭിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ട്‌ വിജിലൻസ്‌ മൂവാറ്റുപുഴ കോടതിയിൽ നൽകിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട്‌ കോടതി തള്ളുകയോ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല.

സ്വത്തുസമ്പാദന കേസ്‌ നിലനിൽക്കുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. 2018 മാർച്ച്‌ 23നാണ്‌ കുറ്റം ചുമത്തിയത്‌. ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്‌ത കാര്യവും സത്യവാങ്മൂലത്തിൽ പറയുന്നു