ഗ്രൂപ്പ് സമ്മര്‍ദം കീറാമുട്ടി; സ്ക്രീനിങ് കമ്മിറ്റിയില്‍ തീരുമാനമായില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാവില്ല

0
133

സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി ലിസ്റ്റുമായി ദിവസങ്ങള്‍ക്ക് മുന്നെ കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദില്ലിക്ക് പുറപ്പെട്ടെങ്കിലും സ്ക്രീനിങ് കമ്മിറ്റിയില്‍ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാവാന്‍ സാധ്യതയില്ല.

ഗ്രൂപ്പ് സമ്മര്‍ദം ശക്തമായതിനെ തുര്‍ന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. സ്ക്രീനിങ് കമ്മിറ്റിയില്‍ എംപിമാരും മുതിര്‍ന്ന നേതാക്കളും നോമിനേറ്റഡ് സ്ഥാനാര്‍ത്ഥികള്‍ക്കും ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും വേണ്ടി ഉറച്ച് നില്‍ക്കുകയാണ്.

കെപിസിസി സമര്‍പ്പിച്ച ജംബോ പട്ടിക ചുരുക്കാന്‍ സ്ക്രീനിങ് കമ്മിറ്റിയെ നേരത്തെ ചുമതലപ്പെടുത്തിയെങ്കിലും രണ്ട് ദിവസമായിട്ടും പട്ടികയില്‍ കാര്യമായ ചുരുക്കലുകള്‍ ഇതുവരെ നടന്നിട്ടില്ല.

അതേസമയം, സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നിരിക്കെ എതിര്‍സ്ഥാനാര്‍ത്ഥികളെ കൂടെ അറിഞ്ഞ ശേഷം വിജയ സാധ്യതകൂടി പരിഗണിച്ച് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വീണ്ടും വെട്ടിത്തിരുത്തലുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.