ഇന്ത്യൻ വംശജ നൗറീൻ ഹസ്സൻ ന്യൂയോർക്ക് ഫെഡിന്റെ ഫസ്റ്റ് വൈസ് പ്രസിഡണ്ട്

0
85

ന്യൂയോർക്ക് ഫെഡറൽ റിസർവ് ബാങ്കിന്റെ ഫസ്റ്റ് വൈസ് പ്രസിഡണ്ടായി ഇന്ത്യൻ വംശജ നൗറീൻ ഹസ്സൻ. ധനകാര്യ മേഖലയിൽ കാൽനൂറ്റാണ്ടിന്റെ പരിചയമ്പത്തുള്ള സാമ്പത്തിക വിദഗ്ധയാണ് ഇവർ. നൗറീന്റെ നിയമനത്തിന് ഫെഡറൽ റിസർവ് സിസ്റ്റം ബോർഡ് ഓഫ് ഗവർണേഴ്‌സ് അനുമതി നൽകി. മാർച്ച് 15 ന് ഇവർ സ്ഥാനമേറ്റെടുക്കും.

‘ഫസ്റ്റ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ന്യൂയോർക്ക് ഫെഡിൻറെ രണ്ടാമത്തെ റാങ്കിങ് ഓഫീസറും ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയിലെ ഇതര വോട്ടിങ് അംഗവും ആയിരിക്കും നൗറീൻ ഹസ്സൻ’ എന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ‘നൗറീൻറെ നേതൃപാടവവും, വൈവിധ്യമാർന്ന ടീമുകളെ വളർത്തിയെടുക്കുന്നതിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയും, വിപുലമായ സാങ്കേതിക – സാമ്പത്തിക പരിചയസമ്പന്നതയും ഒരു ബാങ്ക് ലീഡർ എന്ന നിലയിൽ നൗറിന്റെ പങ്ക് നിർണ്ണായകമാകുമെന്ന് ന്യൂയോർക്ക് ഫെഡ് പ്രസിഡണ്ട് ജോൺ വില്യംസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നൗറീൻ പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ബി.എ.യും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോർഗൻ സ്റ്റാൻലി വെൽത് മാനേജ്‌മെൻറിൻറെ ചീഫ് ഡിജിറ്റൽ ഓഫീസറായും ചാൾസ് ഷ്വാബ് കോർപറേഷനിൽ ഇൻവെസ്റ്റർ സർവീസസ് വിഭാഗത്തിൻറെ വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.