സിംഗു അതിർത്തിയിൽ കർഷകർക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു

0
78

ഡൽഹി സിംഗു അതിർത്തിയിൽ കർഷകർക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട്. നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവച്ചതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ല.

സിംഘുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയിൽ ലംഗാർ പിരിയുന്ന സമയത്താണ് അക്രമം നടന്നത്. സംഭവം അന്വേഷിച്ച് വരുന്നതായി ഹരിയാന പൊലീസ് പറഞ്ഞു.

ഭക്ഷണം നൽകുന്ന സ്ഥലത്ത് നിന്ന് കഴിച്ചതിന് ശേഷം കാറിൽ മുന്നോട്ട് പോകവേ വളണ്ടിയർമാരുമായി ഇവർ തർക്കത്തിലേർപ്പെട്ടു. പിന്നീട് മടങ്ങി വന്ന് വെടിയുതിർക്കുകയാണ് ഉണ്ടായത്. ചണ്ഡീഗഡ് രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ് അക്രമി സംഘം എത്തിയത്. വെടിയുണ്ടകൾ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു.

നൂറ് ദിവസം പിന്നിട്ട കർഷക സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. വനിത ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ദില്ലി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഘു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.