ചാലക്കുടിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ജോസ് കെ മാണി ഗ്രൂപ്പില്‍ ചേര്‍ന്നു

0
60

നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ചാലക്കുടിയില്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. തദ്ദേശ
തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ പാര്‍ട്ടി തഴഞ്ഞെന്ന് ആരോപിച്ചാണ് നീക്കം. കോണ്‍ഗ്രസ് വിട്ടവര്‍ ഇനി തങ്ങള്‍ ജോസ് കെ മാണി ഗ്രൂപ്പിനോടൊപ്പമാണെന്നും വ്യക്തമാക്കി.

ഐഎന്‍ടിയുസി മേഖല പ്രസിഡന്റ് ഡെന്നീസ് കെ ആന്റണിയുടെ നേതൃത്വത്തിലാണ് ഈ കൂറുമാറ്റം. കൊരട്ടി, പരിയാരം തുടങ്ങിയ സ്ഥലങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ അവഗണിക്കപ്പെട്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസില്‍ സീറ്റ് വീതംവെപ്പാണെന്ന് ആരോപിച്ച ഇവര്‍ എല്‍ഡിഎഫിനോടൊപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ഇവരുമായി ജോസ് വിഭാഗം നേതാക്കള്‍ സംസാരിക്കുന്നുണ്ടായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് നൂറോളം പ്രവര്‍ത്തകര്‍ പാളയം വിടാന്‍ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ചാലക്കുടിയില്‍നിന്നുള്ള വിമത നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് പ്രാദേശിക നേതൃത്വത്തിന്റെ അലംഭാവമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

പാലക്കാട് ശ്രീകൃഷ്ണപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്-ബിജെപി പാര്‍ട്ടികളില്‍നിന്നായി 70ലധികം പേരാണ് സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് ശ്രീകൃഷ്ണപുരം.