തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ.വി ഗോപിനാഥ്

0
54

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ എവി ഗോപിനാഥിനെ ജില്ലാ ചുമതലയിലേക്ക് നിയമിച്ചേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയതോടെ പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഗോപിനാഥിനെ എത്തിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.

വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ശനിയാഴ്ച കെ സുധാകരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് സുധാകരന്‍ ഗോപിനാഥിന് നല്‍കിയിട്ടുണ്ട്.

ഗോപിനാഥിന്റെ പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് സുധാകരന്‍ ഇക്കാര്യം അറിയിച്ചത്. ഗോപിനാഥ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത് തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതുകൊണ്ടാണ് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് പട്ടാമ്പി സീറ്റ് നല്‍കാമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍, താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കി. ഇതോടെയാണ് ഗ്രൂപ്പില്ലാത്തതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ അവഗണിക്കപ്പെടുന്നു എന്ന ഇദ്ദേഹത്തിന്റെ പരാതി നേതൃത്വത്തെ ഇരുത്തിചിന്തിപ്പിച്ചത്.

തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാം എന്ന ആലോചനകളും ഉയര്‍ന്നത്. പാര്‍ട്ടി ചുമതല ഏല്‍പിച്ചാല്‍, ഗ്രൂപ്പുകള്‍ക്കപ്പുറം എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുനയിക്കുമെന്നാണ് ഗോപിനാഥ് വ്യക്തമാക്കിയിട്ടുള്ളത്.

പാലക്കാട് ഡിസിസി അധ്യക്ഷനായിരുന്ന വികെ ശ്രീകണ്ഠന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയെ നയിക്കാന്‍ പരിചയസമ്പത്തുള്ള പുതിയ ഒരാള്‍ വരണമെന്ന് പ്രാദേശിക ഘടകം ഏറെനാളായി ആവശ്യപ്പെടുന്നതാണ്.

നേരത്തെ തല്‍സ്ഥാനത്തേക്ക് ഗോപിനാഥിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും എഐസിസി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല. ഇതോടെയാണ് അവഗണിക്കുകയാണെന്ന തരത്തില്‍ ഗോപിനാഥ് തുറന്നടിച്ചത്.

സുധാകരന്‍ തന്ന വാക്ക് പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഗോപിനാഥ്. കോണ്‍ഗ്രസില്‍ രണ്ടുതരം നേതാക്കളുണ്ട്. അണികളില്ലാത്തവരും അണികളുള്ളവരും. അണികളുള്ള നേതാവാണ് ഗോപിനാഥെന്നാണ് സുധാകരന്‍ ചര്‍ച്ചയ്ക്ക് ശേഷം അഭിപ്രായപ്പെട്ടത്.

പ്രശ്നങ്ങള്‍ നേതൃത്വം മനസിലാക്കുമെന്നും പരിഹരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും സുധാകരന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. കെപിസിസിക്ക് തീരുമാനമെടുക്കാന്‍ രണ്ടുദിവസത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്.

അനുകൂലതീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രശ്നപരിഹാരത്തിനായി കാത്തിരിക്കുന്നെന്നും ഗോപിനാഥും പ്രതികരിച്ചു. മറിച്ചാണെങ്കില്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്നും ഗോപിനാഥ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.