ശക്തമായ ഭൂചലനം; ന്യൂസിലന്‍റില്‍ സുനാമിക്ക് സാധ്യത ,അതീവജാഗ്രത നിർദേശം

0
57

ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലന്‍റില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. കെര്‍മാഡക് ദ്വീപില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ന്യൂസിലാന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി (നെമ) അറിയിച്ചു.

തീരമേഖലയില്‍ താമസിക്കുന്നവരോട് അടിയന്തിരമായി വീടുകളില്‍ നിന്നും മാറി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു കാരണവശാലും വീടുകളില്‍ തുടരരുതെന്നും നെമ മുന്നറിയിപ്പ് നല്‍കി. മുന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനുമുള്ള സാധ്യതയുണ്ടെന്നും നെമ’യുടെ മുന്നറിയിപ്പിലുണ്ട്.

അതേസമയം ഭൂകമ്പത്തിന്‍റെ ആഘാതം ഏറ്റവും കൂടുതല്‍ ഏല്‍ക്കാന്‍ സാധ്യതയുള്ള രാജ്യത്തിന്‍റെ കിഴക്കന്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുന്നറിയിപ്പ് നല്‍കി.