ജമാൽ ഖഷോഗി വധം; സൗദി രാജകുമാരനെ ഉപരോധിക്കാനാകില്ലെന്ന് അമേരിക്ക

0
81

പ്രമുഖ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഉപരോധം ഏർപ്പെടുത്താനാകില്ലെന്ന് അമേരിക്ക.

സൗദിയുമായി സൗഹൃദത്തിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ബൈഡൻ ഭരണകൂടം യു.എസ്-സൗദി ബന്ധം വിച്ഛേദിക്കാതെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. നിലവിൽ ഉപരോധം ഏർപ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കൻ സ്വാധീനത്തെ ബാധിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുടെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ വലിയ ചർച്ചകളാണ് അന്താരാഷ്ട്രതലത്തിൽ നടക്കുന്നത്.

മുഹമ്മദ് ബിൻ സൽമാനെതിരെ വാഷിംഗ്ടൺ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

ജമാൽ ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടത് സൗദി കിരീടാവകാശിയായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.2018 ഒക്ടോബർ 20നാണ് സൗദി പൗരനും മാധ്യമ പ്രവർത്തകനുമായ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. കിരീടാവകാശിയുടെ വിമർശകനായ ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്.

ഖഷോഗി വധക്കേസിൽ പിടിയിലായ 18ൽ അഞ്ച് പേർക്ക് വധശിക്ഷയും മൂന്ന് പേർക്ക് 24 വർഷം തടവും സൗദി കോടതി വിധിച്ചിരുന്നു.യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഖഷോഗിയെ പിടികൂടാനോ കൊലപാതകത്തിനോ സൗദി കിരീടാവകാശിയുടെ ഉത്തരവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇത് ചൂണ്ടിക്കാട്ടി 76 സൗദി പൗരന്മാർക്കെതിരെ ഉപരോധവും വിസാ വിലക്കും ഏർപ്പെടുത്തി.

എന്നാൽ കൃത്യം നടത്തിയ വ്യക്തികൾ അവരുടെ മേധാവികൾ പോലുമറിയാതെ നടത്തിയ നടപടിയുടെ പേരിൽ ഭരണനേതൃത്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ശരിയല്ല എന്നതായിരുന്നു സൗദി വിദേശ കാര്യ മന്ത്രാലയത്തിന്റെ ആരോപണം.റിപ്പോർട്ടിനെ പാടേ തള്ളിക്കളയുന്നു എന്ന്‌ സൗദി വിദേശ മന്ത്രാലയം പ്രതികരിച്ചു.