പാലാരിവട്ടം പാലം ഭാരപരിശോധന ഇന്നുമുതല്‍

0
76

പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന ശനിയാഴ്ചമുതൽ മാർച്ച്‌ നാലുവരെ ദിവസങ്ങളിൽ നടക്കും. മാർച്ച് അഞ്ചിന് പാലത്തിന്റെ പണികളെല്ലാം തീർക്കുമെന്ന് ഡിഎംആർസി അധികൃതർ പറഞ്ഞു. രണ്ടു സ്പാനുകളിലാണ് ഒരേസമയം ഭാരപരിശോധന നടത്തുക. അഞ്ചിന് വൈകിട്ടോടെ പാലം സർക്കാരിനു കൈമാറുമെന്നാണ്‌ ഡിഎംആർസി അറിയിച്ചിരിക്കുന്നത്.  ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പാലാരിവട്ടം പാലം പുനർനിർമിക്കുന്നത്.

സെപ്‌തംബർ 28നാണ്‌ പാലത്തിന്റെ പുനർനിർമാണം തുടങ്ങിയത്. പഴയ പാലത്തിന്റെ മുകൾഭാഗം 57 ദിവസംകൊണ്ട് പൊളിച്ചുനീക്കി. 19 സ്പാനുകളിൽ 17 എണ്ണവും 102 ഗർഡറുകളും പുനർനിർമാണത്തിന്റെ ഭാഗമായി പൊളിച്ചുപണിതു. സ്പാനുകളും പിയർ ക്യാപുകളും പുതിയവ നിർമിച്ചു. തൂണുകൾ കോൺക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തിയ ശേഷമാണ്‌ പുതിയ പിയർ ക്യാപുകളും പ്രീ സ്‌ട്രെസ്ഡ് ഗർഡറുകളും സ്ഥാപിച്ചത്. പുനർനിർമാണ ജോലികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ജൂൺവരെ സമയം നൽകിയിരുന്നെങ്കിലും മൂന്നുമാസം നേരത്തെയാണ്‌ പണി തീർക്കുന്നത്.

മുൻസർക്കാരിന്റെ കാലത്ത് സ്പീഡ് പദ്ധതിയിലുൾപ്പെടുത്തി 39 കോടി ഉപയോ​ഗിച്ച് നിർമിച്ച പാലാരിവട്ടം പാലം രണ്ടരവർഷത്തിനുള്ളിൽ കേടുപാട് സംഭവിച്ച് ​ഗതാഗതയോ​ഗ്യമല്ലാതെയായി. വി​ദ​ഗ്ധ സമിതിയും മദ്രാസ്‌ ഐഐടിയും നടത്തിയ പരിശോധനയിൽ പാലം പൊളിച്ചുകളയുകയല്ലാതെ മാർ​ഗമില്ലെന്ന് കണ്ടെത്തി. ഇതിനിടെ പാലം നിർമാണത്തിനിടെയുണ്ടായ അഴിമതി അന്വേഷിക്കാൻ എൽഡിഎഫ് സർക്കാർ വിജിലൻസിനോട് ആവശ്യപ്പെട്ടു.

കേസിൽ പാലം നിർമാണ കരാറുകാരനുൾപ്പെടെ പ്രതികളായി. അഞ്ചാം പ്രതി മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞാണ്. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ ആറുമാസംമുമ്പ്‌ പാലത്തിന്റെ പുനർനിർമാണം തുടങ്ങി. ഡിഎംആർസിയുടെ നേതൃത്വത്തിൽ ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം പുനർനിർമിക്കുന്നത്. 22 കോടി രൂപയോളം നിർമാണത്തിന് ചെലവായി. ഈ തുക കരാറുകാരനിൽനിന്ന് ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് സംസ്ഥാന സർക്കാർ.