കുഞ്ഞുകവയിത്രിക്ക്‌ വീട്‌ പ്രഖ്യാപിച്ച്‌ മന്ത്രി തോമസ്‌ ഐസക്‌

0
83

പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിയുമ്പോഴും സ്‌നേഹയുടെ ആശങ്ക തന്റെ സ്‌കൂളിന്റെ ശോച്യാവസ്ഥയിലായിരുന്നു. അത് പരിഹരിക്കുമെന്ന് മന്ത്രി തോമസ്‌ ഐസക്‌ ആഴ്ച‌കള്‍ക്കുമുമ്പേ ഉറപ്പുനല്‍കിയെങ്കിലും വെള്ളിയാഴ്ച മന്ത്രി പ്രഖ്യാപിച്ച സ്നേഹസമ്മാനം കുഴല്‍മന്ദം ​ഗവ.‌ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി സ്നേഹയെ ശരിക്കും ഞെട്ടിച്ചു.

കുഴൽമന്ദത്തെ വീട്ടിലെത്തിയാണ്‌‌ സ്‌നേഹയ്‌ക്ക്‌ പുതിയ വീടു നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്‌‌. കുഴൽമന്ദം ഗവ. ഹൈസ്‌കൂൾ കെട്ടിടത്തിന്‌ തറക്കല്ലിടുകയും ചെയ്‌തതോടെ കുഞ്ഞുകവയിത്രിക്കത്‌ ഇരട്ടിമധുരമായി. സ്‌നേഹയുടെ കവിത സംസ്ഥാന ബജറ്റിന്റെ ആമുഖത്തിൽ ഇടംപിടിച്ചതോടെയാണ്‌ കുഞ്ഞുകവയിത്രി താരമായത്‌.

ബജറ്റ്‌ദിനത്തിൽ ധനമന്ത്രിയുമായി സംസാരിച്ച സ്‌നേഹ, സ്‌കൂളിന്‌ സ്വന്തം കെട്ടിടം വേണമെന്ന‌്‌ അഭ്യർഥിച്ചിരുന്നു. ഉടൻ നടപടി സ്വീകരിക്കാമെന്ന്‌ ഉറപ്പു നൽകിയ മന്ത്രി സ്ഥലം എംഎൽഎ കെ ഡി പ്രസേനനോട്‌ സ്‌കൂളിന്റെ അവസ്ഥയെക്കുറിച്ച്‌ റിപ്പോർട്ട്‌ തേടി. സ്ഥലവും പണവും നേരത്തേ അനുവദിച്ചിട്ടും കോവിഡ്‌ കാരണം പണി മുടങ്ങിയതിനാൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ കെട്ടിടത്തിലാണ്‌ സ്‌കൂൾ പ്രവർത്തിച്ചത്‌.‌ സ്‌കൂളിന്‌ മൂന്നുകോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. അത്‌ ഏഴുകോടി രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. കെട്ടിടത്തിന്‌ തറക്കല്ലിടാനാണ്‌ വെള്ളിയാഴ്‌ച മന്ത്രി കുഴൽമന്ദത്ത്‌ എത്തിയത്‌. എന്നാൽ സ്‌നേഹയുടെ വീടിന്റെ അവസ്ഥ കണ്ടതോടെ പുതിയ വീട്‌ നൽകുമെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു.

“സ്നേഹയുടെ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ചിത്രം കണ്ടു. ഇത്തരമൊരു വീടുണ്ടായിട്ടും ഒരു വീട് വേണമെന്നല്ല സ്‌നേഹ പറഞ്ഞത്; പഠിക്കുന്ന വിദ്യാലയം നന്നാക്കണമെന്നാണ്‌. ആ നന്മ കാണാതെ പോകരുത്. അതുകൊണ്ട് സ്‌നേഹയ്‌ക്കൊരു വീട് നൽകുകയാണ്’ –-മന്ത്രി തോമസ് ഐസക് പറഞ്ഞു. ഓസ്‌ട്രേലിയയിലുള്ള മന്ത്രിയുടെ സുഹൃത്തുക്കളാണ് വീട് നിർമിച്ചു നൽകുന്നത്. ഇതിനായി മന്ത്രിയുടെ സുഹൃത്തുക്കൾ അടുത്തുതന്നെ കുഴൽമന്ദത്ത് എത്തും. ഇപ്പോഴത്തെ വീടുള്ള സ്ഥലത്താണ്‌ പുതിയ വീട് നിർമിക്കുക.

റേഷൻകാർഡുമായി ബന്ധപ്പെട്ട പ്രശ്നമുള്ളതിനാലാണ് സ്നേഹയുടെ കുടുംബത്തിന് ലൈഫ് പ​ദ്ധതിയിൽ വീട് ലഭിക്കാതിരുന്നത്. കല്ലേക്കോണം കണ്ണൻ–-രമാദേവി ദമ്പതികളുടെ മകളാണ്. സഹോദരി രുദ്ര.