Sunday
11 January 2026
28.8 C
Kerala
HomeKeralaസിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബർ

സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബർ

പ്രതിസന്ധിക്കിടെ സിനിമാ സംഘടനകളുടെ സംയുക്ത യോഗം വിളിച്ച് ഫിലിം ചേംബർ. സെക്കന്റ് ഷോ അനുവദിക്കണമെന്ന ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യോഗം. പ്രതിഷേധസൂചകമായി തീയറ്റർ അടച്ചിടുന്നതും ആലോചനയിലുണ്ട്.

കൊവിഡ് ഇടവേളയ്ക്കു ശേഷം 50 ശതമാനം കാണികളുമായി തുറന്ന തിയറ്ററുടമകൾ കടുത്ത പ്രതിസന്ധിയിലാണ്. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ മൂന്ന് ഷോകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. കുടുംബപ്രേക്ഷകരും എത്തുന്ന കൂടുതൽ വരുമാനം ലഭിച്ചിരുന്ന സെക്കൻഡ് ഷോ ഇല്ലാതായെന്നത് കനത്ത തിരിച്ചടിയാണ്. പല തിയറ്ററുകളിലും 5 മുതൽ 10 ശതമാനം കാണികളുമായാണ് ഷോ നടത്തുന്നത്. വരുമാനം കുറഞ്ഞതോടെ റിലീസ് നിശ്ചയിച്ച ചിത്രങ്ങളുടെ നിർമ്മാതാക്കൾ പിന്മാറി.

മമ്മൂട്ടിയുടെ പ്രീസ്റ്റ് ഉൾപ്പെടെ ബിഗ് ബജറ്റ് സിനിമകൾ സെക്കൻഡ് ഷോ ഉണ്ടെങ്കിൽ മാത്രമേ റിലീസ് ചെയ്യൂ നിലപാടിലാണ്. സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഫിലിം ചേംബർ നിരവധിതവണ മുഖ്യമന്ത്രിക്ക് കത്ത് അയച്ചെങ്കിലും അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ചേംബറിന് കീഴിലുള്ള മുഴുവൻ സംഘടനാ ഭാരവാഹികളുടെയും യോഗം ബുധനാഴ്ച ചേരുന്നത്.

നിർമാതാക്കളും വിതരണക്കാരും തീയറ്റർ ഉടമകളും യോഗത്തിൽ ഉണ്ടാവും. സെക്കൻഡ് ഷോക്ക് ഇളവ് ലഭിച്ചില്ലെങ്കിൽ വീണ്ടും തീയറ്ററുകൾ അടച്ചിട്ടേക്കും. മാർച്ച് 31 വരെ അനുവദിച്ച വിനോദനികുതിയിലെ ഇളവ് അടുത്ത ഡിസംബർ 31 വരെ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments