ഗോഡ്‌സെയുടെ അനുയായിയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ച് കമല്‍നാഥ്; പാർട്ടിക്കുള്ളിൽ എതിർപ്പ് രൂക്ഷം

0
174

മുന്‍ ഹിന്ദുമഹാസഭാ നേതാവും ഗോഡ്‌സെയുടെ അനുയായിയുമായ ബാബുലാല്‍ ചൗരസ്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്ത്. മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ യാദവ് ബാബുലാല്‍ ചൗരസ്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു.

ബാപ്പു ഞങ്ങള്‍ ലജ്ജിക്കുന്നു എന്ന തലക്കെട്ടോടുകൂടി ബാബുലാലിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന കമല്‍നാഥിന്റെ ചിത്രമാണ് അരുണ്‍ യാദവ് ട്വീറ്റ് ചെയ്തത്.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന സിവിക് പോളില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് ലക്ഷ്യംവച്ചാണ് ബാബുലാലിന്‍റെ കോണ്‍ഗ്രസ് പ്രവേശനമെന്നും പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിക്കുന്നു.

താന്‍ ജന്‍മം കൊണ്ട് കോണ്‍ഗ്രസുകാരനാണെന്നും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ഹിന്ദുമഹാസഭയില്‍ ചേര്‍ന്നതെന്നും ഗോഡ്‌സെ പാഠശാലയുടെ മുഖ്യ നടത്തിപ്പുകാരനായ ബാബു ലാല്‍ ചൗരസ്യ പ്രതികരിച്ചു.

എന്നാല്‍ കമല്‍നാഥിന്‍റെ നീക്കത്തിനെതിരെ അരുണ്‍ യാദവ് ഉള്‍പ്പെടെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗോഡ്സെ വിജ്ഞാന ശാലയുടെ നേതാവായിരുന്ന വ്യക്തിയെ കോണ്‍ഗ്രസിലേക്ക് ആനയിക്കുകവ‍ഴി കോണ്‍ഗ്രസ് കൂടുതല്‍ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ പാതയിലേക്ക് നീങ്ങുന്നുവെന്നതാണ് വെളിവാകുന്നത്.

രാമക്ഷേത്ര നിര്‍മാണ ഫണ്ട് ശേഖരണത്തിൽ ഉള്‍പ്പെടെ ബിജെപിയുടെ വ‍ഴിയെ നീങ്ങിയ വ്യക്തിയാണെന്നതും ശ്രദ്ധേയമാണ്.