സിപിഒ റാങ്ക് പട്ടികയിൽനിന്ന് മെയിൻ ലിസ്റ്റിലെ 7580ൽ 5609 പേർക്ക് (74.01 ശതമാനം) നിയമനം നൽകിയതായി ആഭ്യന്തര വകുപ്പ്. പ്രതീക്ഷിത ഒഴിവ് റിപ്പോർട്ട് ചെയ്‌തില്ലെന്ന പരാതിയും അടിസ്ഥാന രഹിതമാണ്. ഇക്കാര്യം റാങ്ക് ഹോൾഡർമാരുമായുള്ള ചർച്ചയിൽ വ്യക്തമാക്കി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഇറക്കിയ ഉത്തരവിലാണ് ഈ കാര്യങ്ങളുള്ളത്.
2021 ഡിസംബർ 31 വരെയുള്ള പ്രതീക്ഷിത ഒഴിവുകളുൾപ്പെടെ റിപ്പോർട്ട് ചെയ്തു. 1200 തസ്തികയിൽ 154 എണ്ണം ഇന്ത്യ റിസർവ് ബറ്റാലിയനായി നീക്കിവച്ചതാണ്. ബാക്കി 1046 തസ്തികയാണ് ബറ്റാലിയനടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്‌തത്. റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞതിനാൽ ഇനി നിയമനം നടത്താനാകില്ല. അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിച്ചതും നിയമനം നൽകിയതും പൊലീസിലാണ്.
ഒഴിവുകളിൽ നിയമനം നടത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളെയും അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സിന്റെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയിട്ടുണ്ട്. ഏകദേശം 6000 പേർക്ക്നിയമനം നൽകി. പരമാവധി ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുവാൻ എല്ലാ വകുപ്പുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ഉത്തരവിലുണ്ട്.