വർഗീസിൻ്റെ കുടുംബത്തിന് 50 ലക്ഷം; സർക്കാർ തീരുമാനത്തിൽ സംതൃപ്തി

0
61

കാലമെത്ര കടന്നുപോയാലും മാഞ്ഞുണങ്ങാത്ത മുറിവ് …                                         എത്ര ഉയർന്ന നഷ്ടപരിഹാരത്തിനും നികത്താനാവാത്ത നൊമ്പരം. അടിയോരുടെ പെരുമനായി അറിയപ്പെട്ട രക്തസാക്ഷി എ വർഗീസിൻ്റെ വേർപാട് തീർത്ത ആഘാതം വയനാടിൻ്റെ മനസ്സിലെ എക്കാലത്തെയും നീറ്റലാണ്. കൂടപ്പിറപ്പുകളുടെ കണ്ണുകൾ എന്നും നിറയ്ക്കുന്ന ദുഃഖസ്മൃതിയാണത്.

അരനൂറ്റാണ്ട് മുമ്പത്തെ ഭീകരമായ പൊലീസ് ക്രൂരകൃത്യങ്ങളിൽ പൊള്ളിക്കരുവാളിച്ച ജീവിതമാണ് അവരുടേത്. നീതിക്കുവേണ്ടി വർഗീസിൻ്റെ ബന്ധുക്കൾ നടത്തിയ പോരാട്ടത്തിൽ ഇതാ നേരിയൊരാശ്വാസം – സർക്കാരിൽനിന്ന് 50 ലക്ഷം രൂപ. നഷ്ടപരിഹാരമെന്ന പ്രയോഗം ഇവിടെ നിരർത്ഥകമാണ്. സാങ്കേതികമായി സർക്കാർ രേഖകളിൽ അതാകും പദപ്രയോഗം. പക്ഷേ, പഴയ ഭരണകൂടത്തിൻ്റെ അരുതായ്മയ്ക്ക് വൈകിയെങ്കിലുമൊരു പിഴയൊടുക്കൽ, എന്ന് പറയലാവും ധാർമികമായി ശരി.

നക്സലൈറ്റ് വേട്ടയ്ക്കിടെ 1970 ഫെബ്രുവരി 18 നാണ് വർഗീസിനെ തിരുനെല്ലിയിൽ പൊലീസ് വെടിവെച്ചു കൊന്നത്. പുല്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുള്ള നക്സലൈറ്റ് പ്രവർത്തനത്തെ തുടർന്നായിരുന്നു ആ ഭരണകൂട അരുംകൊല.

തിരുനെല്ലിയിൽ ഒളിവിൽ കഴിയുന്ന വർഗീസിനെ പൊലീസ് പിടിച്ചശേഷം വെടിവെച്ചുകൊല്ലുകയായിരുന്നു. എന്നാൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് പൊലീസും പത്രങ്ങൾ മിക്കവയും പ്രചരിപ്പിച്ചിരുന്നത്. അത് സ്ഥാപിക്കാൻ തക്കവിധത്തിലുള്ള ഫോട്ടോകൾ മലയാള മനോരമ അന്ന് പ്രസിദ്ധീകരിക്കുകയുമുണ്ടായി. വർഗീസിനെ പൊലീസ് പിടികൂടി വെടിവെച്ചുകൊന്നു എന്ന് വാർത്ത നൽകിയത് ദേശാഭിമാനി മാത്രമായിരുന്നു. 1970 ഫെബ്രുവരി 20 ന് കണ്ണൂർ ജില്ലാ ലേഖകൻ രാമൻ രാമന്തളിയുടെ പേര് വെച്ചാണ് ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സംഭവം സിപിഐഎം നേതാവ് പാട്യം ഗോപാലൻ ലോക്സഭയിൽവരെ ശ്രദ്ധക്ഷണിക്കലിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.

മരിച്ചുകിടക്കുന്ന വർഗീസിൻ്റെ കൈകൾക്കരികെ തോക്കുകൂടി കാണുന്ന ഫോട്ടോ ആണ് മനോരമ പത്രത്തിൽ വന്നിരുന്നത്. എന്നാൽ രണ്ട് പടങ്ങളിൽ ഒന്ന് മലർന്നുകിടക്കുന്നതും മറ്റേത് കമിഴ്ന്നിട്ടുള്ളതുമായിരുന്നു – പൊലീസിനുവേണ്ടി കൃതിമമായി ദൃശ്യങ്ങൾ ചമച്ചതിനിടെ വന്ന അബദ്ധം. എന്നാൽ പിന്നീട് പൊലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ ഉണ്ടായപ്പോൾ പഴയ കഥകളെല്ലാം പൂഴ്ത്തുകയാണ് അവർ ചെയ്തത്.

സേനയിൽനിന്ന് വിരമിച്ചശേഷം 1998 ൽ സി ആർ പി കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ നടത്തിയ തുറന്നുപറച്ചിലാണ് പ്രശ്നത്തിൽ വലിയ വഴിത്തിരിവായത്. ഡി വൈ എസ് പി ലക്ഷ്മണയും ഐ ജി വിജയനും നിർബന്ധിച്ചതനുസരിച്ച്, താൻ നിരായുധനായ വർഗീസിനെ വെടിവെച്ചുകൊല്ലുകയാണുണ്ടായതെന്ന് രാമചന്ദ്രൻ നായർ വിശദമാക്കി. ഇതേ തുടർന്ന് സിബിഐ കേസെടുത്ത് അന്വേഷിച്ചു.

വിചാരണയിൽ ലക്ഷ്മണയും വിജയനും കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീലിൽ യു ഡി എഫ് സർക്കാരിൽ നിന്ന് ലഭിച്ച അനുകൂല സമീപനം വഴിയാണ് പിന്നെ പ്രതികൾ കുറ്റവിമുക്തി നേടിയത്.

അതിനുശേഷം വർഗീസിൻ്റെ നാല് സഹോദരങ്ങൾ ന്യായമായ നഷ്ട പരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചു. മാനുഷിക പരിഗണനയിൽ അർഹമായ നഷ്ട പരിഹാരത്തിന് സർക്കാരിനെ സമീപിക്കാനാണ് കേസിൽ ഉത്തരവായത്. അതിൻ്റെ അടിസ്ഥാനത്തിൽ നിലവിലെ സർക്കാർ വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിതല ശുപാർശയ്ക്ക് വിടുകയായിരുന്നു. അവരുടെ നിർദേശം പരിഗണിച്ചാണ് 50 ലക്ഷം രൂപ വർഗീസിൻ്റെ നാലു സഹോദരങ്ങൾക്ക് നഷ്ടപരിഹാരമായി കൊടുക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ കാണിച്ച അനുഭാവത്തിൽ തങ്ങൾ തൃപ്തരാണെന്ന് വർഗീസിൻ്റെ സഹോദരൻ എ തോമസ് പറഞ്ഞു. തോമസിനു പുറമെ മറിയക്കുട്ടി, അന്നമ്മ, ജോസഫ് എന്നിവർക്കാണ് ഇതിൻ്റെ വിഹിതം കിട്ടുക.