ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിൽ ജനകീയ വിദ്യാഭ്യാസ ബോധവൽക്കരണത്തിലൂടെ രാജ്യത്തിന് മാതൃക സൃഷ്ടിക്കാൻ കേരളത്തിനു സാധിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാനുള്ളതല്ലെന്നും അതുമൂല്യമുള്ളതാണെന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ 202 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വപദവി പ്രഖ്യാപനവും 50 വഴിയിടം ടേക് എ ബ്രേക് ശുചിമുറികൾ ഉൾപ്പെടെയുള്ള വഴിയോര വിശ്രമകേന്ദ്രങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷൻ, അയ്യങ്കാളിതൊഴിലുറപ്പ് മിഷൻ, കുടുംബശ്രീ എന്നിവയുടെ സംയുക്ത പ്രവർത്തനമായാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പുറമെ 202 സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവി കൈവരിച്ചത്.