യതീഷ് ചന്ദ്ര ഇനി കർണാടക കേഡറിലേയ്ക്ക്

0
60

വിവാദ നടപടികളിലൂടെ പ്രശസ്തനായ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്ര കേരളം വിടുന്നു. കര്‍ണാടക കേഡറിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള യതീഷ് ചന്ദ്രയുടെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര സ്ഥലം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ കെപിഎ നാലാം ബെറ്റാലിയന്‍ മേധാവിയാണ് യതീഷ് ചന്ദ്ര. കഴിഞ്ഞ മാസമാണ് കണ്ണൂര്‍ എസ്പിയായിരുന്ന അദ്ദേഹത്തെ നാലാം ബെറ്റാലിയന്‍ മേധാവിവായി നിയമിച്ചത്.

വിവാദങ്ങളും വിമര്‍ശനങ്ങളും അതിനിടെ പലയിടത്തുനിന്നും മിടുക്കനായ പൊലീസ് ഓഫീസറെന്ന പ്രശംസയും കൂടിച്ചേര്‍ന്ന ഔദ്യോഗിക ജീവിതമായിരുന്നു കേരളത്തില്‍ യതീഷ് ചന്ദ്രയ്ക്കുണ്ടായിരുന്നത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചെന്ന ആരോപണം മുതല്‍ വിവാദങ്ങള്‍ യതീഷ് ചന്ദ്രയെ വിടാതെ പിന്‍തുടര്‍ന്നു.

കണ്ണൂരില്‍ കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച നൂറോളെ പേരെ പരസ്യമായി ഏത്തമിടീച്ചത് മറ്റൊരു വിവാദം. വൈപ്പിനിലെ ലാത്തിച്ചാര്‍ജിന്റെ പേരിലും യതീഷ് ചന്ദ്രയ്ക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. വിവാദങ്ങള്‍ക്കിടെ അദ്ദേഹത്തെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചതും വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ യതീഷിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

2011 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. മുന്‍പ് വടകര എഎസ്പി, എറണാകുളം റൂറല്‍ എസ്പി, സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, തൃശ്ശൂര്‍ റൂറല്‍ എസ്പി, തൃശ്ശൂര്‍ കമ്മീഷണര്‍ എന്നിങ്ങനെയുള്ള പോസ്റ്റുകളും യതീഷ് ചന്ദ്ര കൈകാര്യം ചെയ്തിട്ടുണ്ട്.