വികലാംഗക്ഷേമ കോര്‍പറേഷനില്‍ ശമ്പള പരിഷ്‌കരണം അനുവദിച്ചു

0
49

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികളിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് വികലാംഗക്ഷേമ കേര്‍പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം അനുവദിക്കുന്നത്.

2017ല്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയ ശേഷം നാല് വര്‍ഷം കഴിയുമ്പോഴാണ് വീണ്ടും ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയിരിക്കുന്നത്. ബഹുഭൂരിപക്ഷവും ഭിന്നശേഷിക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. അതിനാല്‍ തന്നെ ശമ്പള പരിഷ്‌കരണം ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ശമ്പള പരിഷ്‌ക്കരണം 01.07.2014 മുതല്‍ നോഷണലായിരിക്കും. 01.01.2021 മുതലാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്. 01.07.2014ന് നിലവിലുള്ള 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിക്കുന്നതാണ്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ യാതൊരു ഭേദഗതിയും വരുത്താന്‍ പാടുള്ളതല്ല.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ റെഗുലര്‍, ഡെപ്യൂട്ടേഷന്‍, താത്ക്കാലികം, ദിവസക്കൂലി, കരാര്‍ അടിസ്ഥാനം മുതലായ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ പാടുള്ളതല്ല. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലേക്കുള്ള തൊഴിലുടമാ വിഹിതം സംബന്ധിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആക്ടിലെ വ്യവസ്ഥകളും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കേണ്ടതാണ്. ഭിന്നശേഷിയുള്ള ജീവനക്കാര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌പെഷ്യല്‍ അലവന്‍സിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.