EXCLUSIVE… ”വീടെവിടെ കോൺഗ്രസ്സേ ” കെപിസിസി ആയിരം വീട് പദ്ധതി: ഫണ്ട് മൂക്കിയെന്ന് ആരോപണം ,കോൺഗ്രസ് പ്രതിസന്ധിയിൽ

0
123

-അനിരുദ്ധ്. പി.കെ

പ്രളയത്തിൽ വീട് തകർന്ന ജനങ്ങൾക്ക് വീട് വെച്ചുനൽകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്സ് ആഹ്വാനം ചെയ്ത ആയിരം വീട് പദ്ധതിയുടെ ഫണ്ട് മുക്കിയെന്ന് ആരോപണം. പ്രളയം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും ആയിരം വീടുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എം എം ഹസ്സൻ കെ പി സി സി അധ്യക്ഷന്റെ ചുമതല വഹിക്കുമ്പോഴാണ് ഈ ആഹ്വാനം നടത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിശദാംശവും നൽകാൻ കെ പി സി സി ഇതുവരെ തയ്യാറായിട്ടില്ല. എം എം ഹസ്സന്റെ കാലത്തെ പരിപാടിയിയോട് തനിക്ക് അഭിപ്രായമൊന്നും ഇല്ലെന്നായിരുന്നു നിലവിലെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി.

നാളിത്ര കഴിഞ്ഞിട്ടും കണക്കുകളോ ആയിരം വീടുകളുടെ ലിസ്റ്റോ അതിന്റെ പ്രഖ്യാപനമോ നടക്കാതെ വന്നതോടെയാണ് പിരിച്ച ഫണ്ട് മുക്കിയെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപണം ഉന്നയിക്കുന്നത്. രണ്ട് വർഷമായിട്ടും എന്താണ് വീടുകൾ പൂർത്തിയാക്കാൻ കഴിയാത്തത് എന്നും നേതാക്കൾ ചോദിക്കുന്നു. ഫണ്ട് ചെലവാക്കിയതിനെക്കുറിച്ച് കെ പി സി സി അധ്യക്ഷൻ കണക്ക് പുറത്ത് വിടണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു. കോൺഗ്രസ് വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ഉണ്ടായിരുന്ന വീട് പൊളിച്ചു കളഞ്ഞ് പുതിയ വീട് ലഭിക്കാതെ വഴിയാധാരമായ കുടുംബത്തിന്റെ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് വീടുകൾ പൂർത്തിയാക്കി നൽകിയില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പ്രാദേശിക നേതാക്കളും വ്യക്തമാക്കുന്നു.

 

“നാട്ടിലിറങ്ങി വോട്ട് പിടിക്കേണ്ടത് ഞങ്ങളാണ് നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്ത് നന്മയുള്ള ഒരു പ്രവർത്തനത്തിനായി കാശ് പിരിച്ച് നൽകി, ഇപ്പോൾ കാശിന്റെ കണക്കുമില്ല,വീടുമില്ല ജനങ്ങളോട് ഞങ്ങൾ എന്ത് പറയും ” ആലപ്പുഴ ജില്ലയിലെ പ്രാദേശിക നേതാവ് നേരറിയാനോട് പറഞ്ഞു. പേര് വെളിപ്പെടുത്തിയാൽ രാഷ്ട്രീയമായി ഒതുക്കുമെന്നും ഇപ്പോൾ തന്നെ ഇതിനെതിരെ സംസാരിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയിരം വീട് പദ്ധതിയുടെ ഫണ്ട് മുക്കിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എത്ര രൂപയാണ് പിരിച്ചതെന്നോ ഓരോ വീടിനും എത്ര ചെലവായെന്നോ ഐശ്വര്യ കേരളം യാത്രയിൽ പോലും ജനങ്ങളോട് പറയാൻ നേതാക്കൾ തയ്യാറാകാത്തത് പരിപാടിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. ലൈഫ് മിഷനെതിരെ ആരോപണം ഉന്നയിക്കുന്നവർ സ്വന്തം ആലയിലുള്ള പശുവിന്റെ പല്ല് എണ്ണുന്നില്ല എന്നാണ് നേതാക്കളുടെ ആക്ഷേപം.വീടുകളുടെ നിർമ്മാണത്തെക്കുറിച്ച് വ്യക്തമായ കണക്കുകൾ അവതരിപ്പിച്ചില്ലെങ്കിൽ പരസ്യമായി രംഗത്ത് വരുമെന്നും നേതാക്കൾ വ്യക്തമാക്കി.