ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ സജീവം

0
101

ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടികൾക്ക് ലഹരി മരുന്ന് നൽകുന്ന മാഫിയ സംസ്ഥാനത്ത് സജീവം. ലഹരി നൽകിയ ശേഷം കുട്ടികളെ പീഡിപ്പിച്ച ഒരു കേസ് കൂടി ഇന്ന് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. കൽപ്പകഞ്ചേരിയിൽ 14കാരിയാണ് പീഡനത്തിന് ഇരയായത്. ഏഴു പേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത് എന്നാണ് പൊലീസ് പറയുന്നത്.

ഗൗരവകരമായ കേസാണ് ഇതെന്നും പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ജില്ലാ സിഡബ്ല്യുസി ചെയർമാൻ ഷാജേസ് ഭാസ്‌കർ പറയുന്നു. കൽപ്പകഞ്ചേരിയിലെ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

മലപ്പുറത്ത് കഞ്ചാവ് നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സമാനമായ സംഭവത്തിൽ രണ്ട് യുവാക്കൾ കോഴിക്കോട്ട് അറസ്റ്റിലായിരുന്നു. ഒൻപതാം ക്ലാസുകാരിയായിരുന്നു കേസിലെ ഇര. ഇൻസ്റ്റഗ്രാം വഴിയാണ് യുവാക്കൾ പെൺകുട്ടിയെ പരിചയപ്പെട്ടിരുന്നത്.

പഠനത്തിനായി വീട്ടുകാർ വാങ്ങിനൽകിയ ടാബ്‌ലറ്റിലാണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. പിന്നീട് മൊബൈൽ നമ്പർ കൈമാറി വിളിയാരംഭിക്കുകയും പരിചയം ദൃഢപ്പെടുകയുമായിരുന്നു. പ്രണയം നടിച്ചാണ് യുവാക്കൾ ഇരയെ ചൂഷണം ചെയ്തത്.