ഫാഷൻ ഗോൾഡ് തട്ടിപ്പ്; ഒന്നാം പ്രതി പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ പ്രതിഷേധം

0
83

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി ടി.കെ പൂക്കോയ തങ്ങളുടെ വീടിന് മുന്നിൽ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം. ചന്തേരയിലെ തങ്ങളുടെ വീടിന് മുന്നിലാണ് ചൊവ്വാഴ്ച തട്ടിപ്പിനിരയായവരുടെ ഇരുപതോളം പ്രതിനിധികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

പോലീസിൽ കീഴടങ്ങുവാൻ കുടുംബാംഗങ്ങൾ പൂക്കോയ തങ്ങളോട് നിർദ്ദേശിക്കണമെന്നും നിക്ഷേപം തിരികെ നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഷബീർ വി കെ ടി, നസീർ ടി, അബദുൾ റഹ്മാൻ ടി കെ ,മുഹമ്മദ് കെ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കേസിൽ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളും മറ്റൊരു പ്രതിയായ മകനും പോലീസിൽ കീഴടങ്ങാതെ മാസങ്ങളായി ഒളിവിലാണ്. നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായി ജയിലിൽ കഴിഞ്ഞിരുന്ന ഫാഷൻ ഗോൾഡ് ചെയർമാനും മഞ്ചേശ്വരം എംഎൽഎയുമായ എം.സി ഖമറുദ്ദീൻ ദിവസങ്ങൾക്കുമുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

മൂന്നു മാസങ്ങൾക്ക് മുമ്പ് എം സി ഖമറുദ്ദീൻ അറസ്റ്റിലായതിന് പിന്നാലെ പൂക്കോയ തങ്ങളെ യും അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തിയിരുന്നു. എന്നാൽ പൂക്കോയതങ്ങൾ ഒളിവിൽ പോവുകയായിരുന്നു. തങ്ങളെ തേടി പോലീസ് ഉദ്യോഗസ്ഥർ കർണാടക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഇതുവരെയായി കണ്ടെത്താൻ കഴിഞ്ഞില്ല.