കൊവിഡ് മഹാമാരി ലോകത്തിനെ ദുരിതത്തിലാക്കിയിട്ട് ഒരുവർഷത്തിലധികം കഴിയുമ്പോൾ അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചുലക്ഷം പിന്നിട്ടു. 5.1 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചവെന്നാണ് ജോൺ ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കിൽ പറയുന്നത്.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരുത്തരവാദിത്വമാണ് രാജ്യത്ത് കോവിഡ് കൈവിട്ടു പോവാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, മരിച്ചവർക്കായി തിങ്കളാഴ്ച വൈറ്റ്ഹൗസിൽ അനുസ്മരണവും മൗനപ്രാർഥനയും നടന്നു.പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമവനിത ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഭർത്താവ് ഡഗ് എംഹോഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2020 ഫെബ്രുവരി ആദ്യമാണ് യു.എസിൽ ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. നാലുമാസം കൊണ്ട് മരണം ഒരുലക്ഷമായി. സെപ്റ്റംബറിൽ രണ്ടും ഡിസംബറിൽ മൂന്നും ലക്ഷമായി. 2.8 കോടിപ്പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.